കാസർകോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ത് എന്നിവരുടെ കൊലപാതകത്തിനു പിന്നാലെ കാസർകോട്ട് പൊലീസ് സുരക്ഷ ശക്തമാക്കി. നഗരത്തിൽ സംഘടിച്ച യു.ഡി.എഫ് പ്രവർത്തകർ വാഹനങ്ങൾ തടയുകയും എൽ.ഡി.എഫ് കേരള സംരക്ഷണ യാത്രയുടെ ഫ്‌ളക്‌സ് ബോർഡുകളും മറ്റും നശിപ്പിക്കുകയും ചെയ്തു. ബോർഡുകളും മറ്റും തീയിട്ട് നശിപ്പിച്ചത് പൊലീസും പ്രവർത്തകരും തമ്മിലുള്ള നേരിയ വാക്കേറ്റത്തിന് കാരണമായി.
നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പെരിയ പുല്ലൂരിൽ റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് വാഹന ഗതാഗതം തടഞ്ഞു. കല്ല്യോട്ട് കടകൾക്ക് നേരെ അക്രമം ഉണ്ടായി. പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാൽ അക്രമം തടയാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. വികാരപ്രകടനം അതിര് കടക്കാൻ തുടങ്ങിയപ്പോൾ പിന്നീട് ഇവരെ പിരിച്ചുവിട്ടു. കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ വിലാപ യാത്രയായി പെരിയയിലേക്ക് കൊണ്ടുവരും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എ സജീവന്റെ നേതൃത്വത്തിൽ പൊലീസ് കനത്ത സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ആദരാഞ്ജലികൾ അർപ്പിക്കാനായി ഉച്ചയോടെ കാസർകോട് എത്തിച്ചേരും.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര എറണാകുളത്ത് തിങ്കളാഴ്ചത്തെ പരിപാടികൾ റദ്ദാക്കിയാണ് മുല്ലപ്പള്ളിയും യു.ഡി.എഫ് നേതാക്കളും കാസർകോട് എത്തുക. ആസൂത്രിതമായ കൊലപാതകമാണ് കാസർകോട്ടുണ്ടായതെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ആരോപിച്ചു. ഐസിസ് ഭീകരവാദികളെ പോലെ ആളുകളെ കശാപ്പു ചെയ്യുന്ന സംഘടനയായി സി.പി.എം മാറിയെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ആരോപിച്ചു.