തിരുവനന്തപുരം: കാസർകോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അർദ്ധരാത്രി പ്രഖ്യാപിച്ച മിന്നൽ ഹർത്താൽ ജനത്തെ വലച്ചു. ഹർത്താൽ അറിയാതെ പുലർച്ചെ യാത്ര പുറപ്പെട്ടവർ വിവിധ സ്ഥലങ്ങളിൽ വാഹനങ്ങളും ഭക്ഷണവും വെള്ളവുംകിട്ടാതെയും വലഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധം തുടരുന്നതിനിടെ സംസ്ഥാനത്ത് പലയിടങ്ങളിലും കടകൾ തുറന്നു.
ചില സ്ഥലങ്ങളിൽ കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമങ്ങളുണ്ടായെങ്കിലും കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
തലസ്ഥാന ജില്ലയിൽ കിളിമാനൂർ, പാറശാല, ഉദിയൻ കുളങ്ങര, നഗരൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടയാനും കടകൾ അടപ്പിക്കാനും ശ്രമിച്ചു. ആറ്റിങ്ങലിൽ കെ.എസ്.ആർ.ടി. സി ബസുകൾ തടഞ്ഞു. സംഭവത്തിൽ അഞ്ച് പ്രവർത്തകരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. നഗരൂർ ജംഗ്ഷനിൽ റോഡ് തടഞ്ഞ അഞ്ചുപേരെ പൊലീസ് നീക്കം ചെയ്തു. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ദീർഘദൂര ബസുകൾ ഉൾപ്പെടെ പതിവുപോലെ സർവ്വീസ് നടത്തിയെങ്കിലും ഒമ്പതു മണിയോടെ ഏതാനും പ്രവർത്തകരെത്തി വാഹനങ്ങൾ തടയാൻ ശ്രമിച്ചത് അൽപ്പനേരം സംഘർഷാന്തരീക്ഷത്തിനും ഗതാഗത തടസത്തിനും ഇടയാക്കി.
തമ്പാനൂർ പൊലീസെത്തി ഇവരെ പിന്തിരിപ്പിച്ചതോടെ സർവ്വീസുകൾ സാധാരണനിലയിലായി. സിറ്റി ഡിപ്പോ, വികാസ് ഭവൻ, പേരൂർക്കട എന്നിവിടങ്ങളിൽ നിന്നും പതിവുപോലെ ബസുകൾ സർവ്വീസ് നടത്തിയതിനാൽ യാത്രക്കാർക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടായില്ല. കിളിമാനൂർ ,വെഞ്ഞാറമൂട് , കല്ലറ മേഖലകളിൽ ഹർത്താൽ പൂർണ്ണമാണ്. ഭരതന്നൂർ, കല്ലറ, കിളിമാനൂർ, വെഞ്ഞാറമൂട് ,വെമ്പായം, വട്ടപ്പാറ എന്നിവിടങ്ങളിൽ തുറന്ന കടകൾ സമരാനുകൂലികൾ നിർബന്ധിച്ച് അടപ്പിച്ചു. വെമ്പായത്ത് വഴിതടഞ്ഞ ഹർത്താലനുകൂലികൾ ആട്ടോറിക്ഷയുടെ കാറ്റൂരി വിട്ടു.
ഇരു ചക്ര വാഹനങ്ങളും ആട്ടോകളും നിരത്തിലുണ്ട്. പതിവ് ഹർത്താലിൽ നിന്ന് വ്യത്യസ്തമായി തിരുവനന്തപുരം നഗരം രാവിലെമുതൽ സജീവമായിരുന്നു. സ്വകാര്യ ബസ് സർവ്വീസുകൾ ഹർത്താലിൽ തടസപ്പെട്ടിട്ടില്ല. എല്ലാ സ്ഥലങ്ങളിലും പൊലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.കൊലപാതകത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് കണക്കിലെടുത്ത് സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ ചിലയിടങ്ങളിൽ ബസുകൾ ഹർത്താൽ അനുകൂലികൾ തടയുന്നുണ്ട്. മിക്ക കടകളും തുറന്നിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് എല്ലാ ബസുകളും യാത്ര തിരിച്ചിട്ടുണ്ട്. എറണാകുളം കുമ്പളങ്ങിയിൽ ഹർത്താൽ അനുകൂലികൾ ബസുകൾ തടഞ്ഞു. പശ്ചിമ കൊച്ചിയിൽ പൊലീസ് നോക്കി നിൽക്കെ ബസിൽ നിന്ന് യാത്രക്കാരെ ഇറക്കി വിട്ടു. എന്നാൽ ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും അവിടെ നിന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല.
ചവറ ശങ്കര മംഗലത്തും കണ്ണൂർ പയ്യോളിയിലും കോൺഗ്രസ്സ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.
കൊച്ചിയിൽ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തുന്നുണ്ട്.കോഴിക്കോട് പന്തീർപ്പാടത്ത് വയനാട്ടിലേക്ക് പോകുകയായിരുന്ന രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായതായി റിപ്പോർട്ടുകളുണ്ട്. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്. സി.പി.എമ്മിന്റേയും കോൺഗ്രസിന്റെയും നേതൃത്വത്തിലുള്ള ജാഥകളുടെ പര്യടനം സംസ്ഥാനത്ത് തുടരവേ എല്ലാ സ്ഥലങ്ങളിലും നിതാന്ത ജാഗ്രത പുലർത്താനും നിർദേശമുണ്ട്.
ആറ്റുകാൽ പൊങ്കാല
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കി
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ കടകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയതായി യൂത്ത് കോൺഗ്രസ് അറിയിച്ചു.പൊങ്കാല ഉത്സവം പ്രമാണിച്ച് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നെത്തുന്ന ഭക്തർക്കും വ്യാപാരികൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് വ്യാപാരികളെ ഒഴിവാക്കിയത്. ബുധനാഴ്ച നടക്കുന്ന പൊങ്കാലയിൽ പങ്കെടുക്കാനായി വിദൂരങ്ങളിൽ നിന്ന് കാലേകൂട്ടി ഭക്തർ നഗരത്തിലും ക്ഷേത്രത്തിലും എത്തിയിട്ടുണ്ട്. ഹർത്താലിൽ നിന്ന് നഗരത്തിലെ വ്യാപാരികളെ ഒഴിവാക്കിയതോടെ തിരുവനന്തപുരം നഗരത്തിലും പരിസരത്തും ആറ്റുകാലും വ്യാപാര സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിച്ചു.
പരീക്ഷകൾ മാറ്റി
യൂത്ത് കോൺഗ്രസ് ഹർത്താലിന്റെയും കെ.എസ്.യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദിന്റെയും പശ്ചാത്തലത്തിൽ വിവിധ പരീക്ഷകൾ മാറ്റിവച്ചു. ഇന്ന് നടത്താനിരുന്ന എസ്.എസ്.എൽ.സി, ഒന്നാം വർഷ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു.
കേരള സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എം.ജി ,
കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഡീൻ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹർജി
ഹർത്താൽ ആഹ്വാനം നടത്തിയ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ഡീൻ കുര്യാക്കോസിനെതിരെ കോടതി അലക്ഷ്യ ഹർജി നൽകും. മിന്നൽഹർത്താലുകൾ പ്രഖ്യാപിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനെതിരെയാണ് തൃശൂരിലെ ചേംബർ ഒഫ് കോമേഴ്സ് ഹർജി നൽകുന്നത്. ഹർത്താൽ പ്രഖ്യാപിക്കുന്നതിന് മുൻകൂർ നോട്ടീസ് നൽകിയില്ല. ഫേസ്ബുക്കിൽ കൂടി ഹർത്താൽ ആഹ്വാനം നടത്തി തുടങ്ങിയവ ചൂണ്ടിക്കാണിച്ചാണ് ഹർജി.