ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ തെക്കൻ മേഖലയിൽ ഹർത്താൽ അനുകൂലികൾ ദേശീയപാതയിൽ വാഹനങ്ങൾ തട‍ഞ്ഞു. കായംകുളം,​ ഹരിപ്പാട്,​ കുമാരപുരം നാരകത്തറ ജംഗ്ഷൻ,​ കരുവാറ്റ,​ അമ്പലപ്പുഴ,​ ആലപ്പുഴ ​- ചങ്ങനാശേരി റോഡിൽ രാമങ്കരി, മങ്കൊമ്പ് എന്നിവിടങ്ങളിലാണ് വാഹനങ്ങൾ തടഞ്ഞത്. ഹരിപ്പാട് ഹർത്താൽ അനുകൂലികളും പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. രാവിലെ എട്ടോടെയാണ് വാഹനങ്ങൾ തടയാൻ തുടങ്ങിയത്. ഹരിപ്പാട് വാഹനങ്ങൾ തടഞ്ഞെങ്കിലും പിന്നീട് ദീർഘദൂര സർവീസുകൾ പോകാൻ അനുവദിച്ചു. പ്രവർത്തകർ തന്നെ വഴിയൊരുക്കുകയും ചെയ്തു. ഇതോടെ ഹരിപ്പാട് സ്റ്റേഷനിലെ എ.എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഗതാഗത നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചത് പ്രവർത്തകരെ ചൊടിപ്പിച്ചു. ഇതാണ് വാക്കേറ്റവും ഉന്തിലും തള്ളിലും കലാശിച്ചത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ച് രംഗം ശാന്തമാക്കി. മങ്കൊമ്പിലും ചെറിയ തോതിൽ വാക്കേറ്റം ഉണ്ടായി. കടകൾ 9.30 വരെ സാധാരണ രീതിയിൽ പ്രവർത്തിച്ചു. ചിലയിടങ്ങളിൽ കടകൾ അടപ്പിക്കാനും ശ്രമം നടന്നു. പത്തരയോടെ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനം നടത്തുമെന്ന് ആലപ്പുഴ പാർലമെന്റ് കമ്മിറ്റി പ്രസിഡന്റ് എസ്.ദീപു അറിയിച്ചു. അക്രമം നേരിടാൻ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രശ്നബാധിത പ്രദേശങ്ങളിൽ പൊലീസ് പട്രോളിംഗും പിക്കറ്റിംഗും ഏർപ്പെടുത്തി.