കൊല്ലം: വൈകി വന്ന ഹർത്താൽ പ്രഖ്യാപനം അറിയാതെ പൊതുഗതാഗതത്തെ ആശ്രയിച്ച യാത്രക്കാർ വലഞ്ഞു. ആഴ്‌ചയിലെ ആദ്യ പ്രവൃത്തി ദിവസമായതിനാൽ നിരത്തിൽ കൂടുതൽ യാത്രക്കാരുണ്ടായിരുന്നു. കൊല്ലൂർവിള പള്ളിമുക്കിൽ ഇന്ന് രാവിലെ ആറരയോടെ കെ.എസ്.ആർ.ടിസി ബസിന് നേരെ കല്ലെറുണ്ടായി. തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന മാവേലിക്കര ഡിപ്പോയിലെ ഫാസ്‌റ്ര് പാസഞ്ചറിന് നേരെയാണ് കല്ലേറുണ്ടായത്.

ഡ്രൈവർ അജിത്ത് കുമാറിന് (43) കണ്ണിന് പരിക്കേറ്റു. ഇദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിന്നക്കടയിൽ സമരാനുകൂലികൾ ഓട്ടോറിക്ഷ തല്ലിത്തകർത്തു. ചിന്നക്കട,​ ചവറ,​ ശങ്കരമംഗലം, ചന്ദനത്തോപ്പ്, കൊട്ടിയം, കണ്ണനല്ലൂർ, എന്നിവിടങ്ങളിൽ റോഡ് ഉപരോധിച്ചവർ വാഹനങ്ങൾ തടയുന്നുണ്ടെങ്കിലും പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്യുന്നുണ്ട്. അഞ്ചാലുംമൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. വ്യാപാര സ്ഥാപനങ്ങൾ രാവിലെ തുറന്നിട്ടുണ്ട്. പെട്രോൾ പമ്പുകൾ അടഞ്ഞുകിടക്കുകയാണ്.

ചാത്തന്നൂരിൽ നിന്ന് ഇന്ന് രാവിലെ ആരംഭിക്കാനിരുന്ന എൽ.ഡി.എഫ് കേരള സംരക്ഷണ യാത്രയുടെ ജില്ലയിലെ ഇന്നത്തെ പര്യടനം ഉപേക്ഷിച്ചു. ചാത്തന്നൂരിന് പുറമെ കൊല്ലം, ഇരവിപുരം, കുണ്ടറ, ചവറ നിയോജക മണ്ഡലങ്ങളിലായിരുന്നു ഇന്ന് പര്യടനം നിശ്ചയിച്ചിരുന്നത്.

നാളെ രാവിലെ കരുനാഗപ്പള്ളി മണ്ഡലത്തിലെ പര്യടനത്തോടെ നേരത്തെ നിശ്ചയിച്ച പ്രകാരം ജാഥ ആരംഭിക്കും.

ചിന്നക്കടയിൽ രാവിലെ പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേരള സംരക്ഷണ യാത്രയുടെ പ്രചരണാർത്ഥം സ്ഥാപിച്ചിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ചിത്രം പതിച്ച ബോർഡുകൾ നശിപ്പിച്ചു.