ck-vineeth

കൊച്ചി: സാമൂഹ്യമാദ്ധ്യമങ്ങൾ വഴി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സി.കെ.വിനീതിന്റെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മ മഞ്ഞപ്പടയ്‌ക്കെതിരെയാണ് അന്വേഷണം. മഞ്ഞപ്പട അഡ്മിനോട് ബുധനാഴ്ച അസി. പൊലീസ് കമ്മിഷണർക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. അന്ന് വിനീതിനെയും വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇന്നലെയാണ് വ്യാജ പ്രചാരണം നടത്തിയ മഞ്ഞപ്പട അംഗങ്ങൾക്കെതിരെ വിനീത് പൊലീസിൽ പരാതി നൽകിയത്. കൊച്ചിയിൽ നടന്ന ചെന്നൈ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടയിൽ വിനീത് ഏഴ് വയസുകാരനായ ബോൾ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. മാച്ച് കമ്മിഷണർ വിനീതിനെതിരെ നടപടി ആവശ്യപ്പെട്ടെന്നും പ്രചരണത്തിലുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായമയായ മഞ്ഞപ്പടയിലെ ചില അംഗങ്ങളുടെ ശബ്ദ സന്ദേശവും ഇത്തരത്തിൽ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് വിനീത് എറണാകുളം കമ്മീഷണർക്ക് പരാതി നൽകിയത്. മഞ്ഞപ്പടയിലെ ചിലർ നേരത്തെ തന്നെ തനിക്കെതിരായ പ്രചരണം നടത്തുന്നുണ്ട്. ടീം വിട്ടവർക്കും ഇപ്പോൾ ടീമിലുള്ളവർക്കും സമാനമായ ആൾകൂട്ട ആക്രമണം നേരിടേണ്ടി വരുന്നുണ്ടെന്നും വിനീത് പറഞ്ഞു.

മഞ്ഞപ്പട യഥാർത്ഥ ആരാധക കൂട്ടായ്മയല്ലെന്നും വിനീത് തുറന്നടിച്ചു. ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡുള്ള വിനീത് ആദ്യമായാണ് മഞ്ഞപ്പടയ്‌ക്കെതിരേ രംഗത്ത് വരുന്നത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിനൊപ്പം കളി തുടങ്ങിയ വിനീത് ജനുവരി ട്രാൻസ്ഫറിലാണ് ചെന്നൈയിനിലേക്ക് കൂടുമാറിയത്.