മുച്ചിലോട്ട് പെരുങ്കളിയാട്ടം സംഘാടകസമിതി രൂപീകരണയോഗത്തിൽ പങ്കെടുത്ത് രാത്രി ബൈക്കിൽ വീടുകളിലേക്കു മടങ്ങിയ പത്തൊൻപതും ഇരുപത്തിനാലും വയസുള്ള രണ്ട് ചെറുപ്പക്കാരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ നിഷ്ഠൂര സംഭവത്തിന് സാക്ഷികളാരുമില്ല. ഇരുട്ടിൽ ഒഴിഞ്ഞ നാട്ടുപാതയിൽ നടന്ന ഈ അരുംകൊല ഒരിക്കൽക്കൂടി പ്രതികാര രാഷ്ട്രീയത്തിന്റെ കിരാതമുഖമാണ് പുറത്തെടുത്തത്. കൊല്ലപ്പെട്ട ശരത്ലാലും കൃപേഷും യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകരാണ്. കൊലപാതങ്ങൾക്കു പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസിന്റെ തലമുതിർന്ന സംസ്ഥാന നേതാക്കളുൾപ്പെടെയുള്ളവർ ആരോപണം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ പാർട്ടിക്ക് ഈ അരുംകൊലയിൽ ഒരു ബന്ധവുമില്ലെന്നാണ് സി.പി.എം കേന്ദ്രങ്ങൾ തറപ്പിച്ചു പറയുന്നത്. കൊലപാതകത്തെക്കുറിച്ച് പൊലീസ് തുടങ്ങിക്കഴിഞ്ഞ അന്വേഷണം പൂർത്തിയാകുമ്പോഴേ കൊലയാളികളുടെ യഥാർത്ഥ മുഖവും അതിനു പിന്നിൽ നടന്ന ഗൂഢാലോചനയുടെ വിശദാംശങ്ങളുമൊക്കെ പുറത്തുവരികയുള്ളൂ.
രാഷ്ട്രീയവും കൊടിയടയാളവുമൊക്കെ മാറ്റിവച്ചുനോക്കിയാൽ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കാൻ തുടങ്ങിയ, വീടിനും നാടിനും വളരെക്കാലം ഉപകാരപ്പെടേണ്ട രണ്ട് യുവാക്കളുടെ ഏറെ വിലപ്പെട്ട ജീവനാണ് കണ്ണിൽ ചോരയില്ലാത്ത കാപാലികർ വെട്ടിനുറുക്കിയത്. കൊടുവാളും മഴുവും കൊണ്ട് ദേഹാസകലം മുറിവേറ്റ നിലയിൽ റോഡിലും സമീപത്തെ കുറ്റിക്കാട്ടിലുമായി കിടന്നിരുന്ന യുവാക്കളെ വഴിപോക്കരാണ് കണ്ട് ആശുപത്രികളിലെത്തിച്ചത്. കൃപേഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. ശരത്ലാൽ ആശുപത്രിയിലേക്കുള്ള മാർഗമദ്ധ്യേയും. യുവാക്കളെ പിന്തുടർന്ന് ജീപ്പിൽ എത്തിയ മൂന്നംഗ സംഘം കൃത്യം നടത്തി സ്ഥലം വിടുകയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ അരങ്ങേറിയ കൊലപാതകത്തിനു പിന്നിൽ പരിചയസമ്പന്നരായ സംഘം തന്നെയാണെന്നാണു പൊലീസിന്റെ നിഗമനം.
കാസർകോട്ടെ പെരിയ കല്ല്യോട്ടു നടന്ന ഈ ഇരട്ടക്കൊലപാതകം പതിവുപോലെ ദൂരവ്യാപകമായ പ്രതിഷേധങ്ങൾക്കും വികാരപ്രകടനങ്ങൾക്കും വഴിവച്ചത് സ്വാഭാവികം തന്നെ. യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത പന്ത്രണ്ടു മണിക്കൂർ ഹർത്താലിൽ സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഇന്നലെ ജനജീവിതം ദുരിതമയമായി. ആറ്റുകാൽ പൊങ്കാല കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായ അറിയിപ്പു വരാൻ വൈകിയതിനാൽ ഇവിടെയും രാവിലെ ഹർത്താൽ പ്രതീതിയായിരുന്നു. വിദ്യാലയങ്ങൾ അടഞ്ഞുകിടന്നു. പരീക്ഷകൾ മാറ്റിവയ്ക്കേണ്ടിവന്നു. ഹർത്താൽ നടത്താൻ മുൻകൂർ നോട്ടീസ് നൽകിയിരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് ഒരിക്കൽക്കൂടി സംസ്ഥാനം രാഷ്ട്രീയ കൊലപാതകത്തിന്റെ പേരിലുള്ള മിന്നൽ ഹർത്താലിനു വിധേയമാകുന്നത്. മാർഗനിർദ്ദേശം ലംഘിച്ച് ഹർത്താൽ നടത്തിയതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ബന്ധപ്പെട്ട നേതാക്കൾക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങൾക്ക് നേതാക്കൾ ഉത്തരവാദികളാകുമെന്ന മുന്നറിയിപ്പും കോടതിയിൽ നിന്നുണ്ടായി.
നിഷ്ഠൂരവും പൈശാചികവുമായ കൊലപാതകങ്ങളിൽ നാട് ഒന്നടങ്കം ദുഃഖിക്കുമ്പോൾ അതോടൊപ്പം ഹർത്താൽ കൂടിയുണ്ടെങ്കിലേ പ്രതിഷേധം പൂർണമാകൂ എന്നു വരുന്നത് വലിയ സങ്കടമാണ്. അപ്രതീക്ഷിതമായെത്തുന്ന ഹർത്താൽ ജനങ്ങൾക്ക് എത്രമാത്രം കഷ്ടനഷ്ടങ്ങളാണു വരുത്തിവയ്ക്കുന്നതെന്ന് ആരും ചിന്തിക്കാറില്ല. ഹർത്താലുകൾക്കെതിരെ സംസ്ഥാനത്ത് പൊതുജനാഭിപ്രായം ശക്തിപ്പെട്ടു വരികയായിരുന്നു. ജനവിരുദ്ധമായ ഈ സമരരീതി നിരുത്സാഹപ്പെടുത്തണമെന്നാവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ കോൺഗ്രസ് നേതൃത്വവും ഉണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലചെയ്തവരെ അന്വേഷിച്ചു കണ്ടെത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. അവർ അതിൽ വിജയിക്കുമെന്നു തന്നെയാണ് വിശ്വാസം. അതിനായി ഹർത്താൽ നടത്തി ജനങ്ങളുടെ നിത്യജീവിതം തടസപ്പെടുത്തേണ്ട കാര്യമില്ല.
യൂത്ത് കോൺഗ്രസുകാരും സി.പി.എം പ്രവർത്തകരും തമ്മിൽ നിലനിന്നു പോന്ന പ്രാദേശിക തലത്തിലുള്ള ചെറിയ ഒരു പ്രശ്നം വളർന്നു വലുതായതിന്റെ അവസാനമാണ് ഇപ്പോൾ നടന്ന ഇരട്ട കൊലപാതകമെന്നു പറയുന്നുണ്ട്. സി.പി.എം പ്രവർത്തകരെ മുൻപ് ആക്രമിച്ച സംഭവത്തിൽ ഇപ്പോൾ കൊല്ലപ്പെട്ടവർ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസും നിലനിൽക്കുകയാണ്. ഇതിന്റെ പേരിൽ ഈ പ്രദേശത്ത് ഇരുകൂട്ടരും തമ്മിൽ ഇടയ്ക്കിടെ സംഘർഷം പതിവായിരുന്നു. വൈരം കൊലക്കത്തിയിലേക്കു വളരാറുള്ള മേഖലകളിൽ ഉന്നത നേതൃത്വങ്ങളുടെ കർക്കശ ഇടപെടലുകൾ ഉണ്ടാകാത്തതാണ് ഇതുപോലുള്ള ദാരുണ സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം നേതൃത്വം അറിയാതെ പോകാനിടയില്ല. അതു വളർന്നു വലുതാകാതിരിക്കാൻ ഉചിതമായ മാർഗം സ്വീകരിക്കേണ്ടത് ബന്ധപ്പെട്ട പാർട്ടി നേതൃത്വങ്ങളുടെ ചുമതലയാണ്. കീഴ് ഘടകങ്ങളെ കടിഞ്ഞാണിട്ടു നിറുത്തുന്നതിനു പകരം എരിതീയിൽ എണ്ണ ഒഴിക്കുന്ന സമീപനമുണ്ടാകുമ്പോഴാണ് തല കൊയ്യുന്ന തലത്തിലേക്ക് വൈരം ആളിക്കത്താറുള്ളത്. മനസാക്ഷിയെ ഞെട്ടിക്കുന്ന അരും കൊലകൾ നടന്നശേഷം കള്ളക്കണ്ണീരൊഴുക്കിയതുകൊണ്ട് ഫലമൊന്നുമില്ല. എതിരാളിയുടെ പച്ചയായ ജീവനെടുത്തുകൊണ്ടുള്ള രാഷ്ട്രീയക്കളിയിൽ നിന്ന് ഏവരും മാറിനിൽക്കുക തന്നെ വേണം. എതിരാളികളുടെ തല കൊയ്യാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിക്കുന്നിടം വരെ രാഷ്ട്രീയം അധഃപതിച്ചു കൂടാത്തതാണ്. കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വകവരുത്തിയതിനു പിന്നിലും ക്വട്ടേഷൻ സംഘമാണെന്ന സൂചന പുറത്തുവന്നിട്ടുണ്ട്. ആപൽക്കരമാണ് ഈ പോക്കെന്ന് ഇനി എന്നാണ് മനസിലാക്കുക.