തിരുവനന്തപുരം: കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി ഉത്തരവാദിയല്ലെന്നും കൊലപാതകങ്ങളും അക്രമങ്ങളും സംഘടിപ്പിക്കുന്നത് പാർട്ടി നയമല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സംഭവം അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണ്. രാഷ്ട്രീയ ധാരണയില്ലാത്ത ആളുകൾക്കേ എതിരാളികളെ സഹായിക്കുന്ന തരത്തിൽ ഈ ഘട്ടത്തിൽ ഇത്തരമൊരു സംഭവം നടത്താൻ കഴിയൂ. എന്തൊക്കെ പ്രകോപനങ്ങളുണ്ടായാലും ഇതു നടക്കാൻ പാടില്ലാത്തതായിരുന്നു. ഏത് ഘട്ടത്തിലും സമാധാനം നിലനിറുത്താൻ പാർട്ടി പ്രവർത്തകർ മുൻകൈയെടുക്കണം. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവരെ പാർട്ടിയിൽ വച്ച് പൊറുപ്പിക്കില്ല. ഇത്തരക്കാർക്ക് ഒരു സഹായവും ഉണ്ടാകില്ല. ക്രമസമാധാന നിലയെ ദുർബലപ്പെടുത്തുന്ന ഒരു നീക്കവും പാർട്ടിപ്രവർത്തകരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. കൊലപാതകത്തിൽ പങ്കാളികളായ മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ പൊലീസ് കൊണ്ടുവരണം.
ജാഥാപര്യടനത്തിൽ മാറ്റം
ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഇന്നലെ നടക്കാനിരുന്ന എട്ട് മണ്ഡലങ്ങളിലെ ജാഥാ പര്യടനം മാറ്റിവച്ചു. നാളെ മുതൽ മുൻ നിശ്ചയപ്രകാരം ജാഥാസ്വീകരണ പരിപാടികൾ നടക്കും. മാറ്റിവച്ച മണ്ഡലങ്ങളിലെ പരിപാടികൾ എങ്ങനെ വേണമെന്ന് എൽ.ഡി.എഫ് പിന്നീട് ആലോചിക്കും.
സി.പി.എമ്മിലെ കൊലപാതകികൾ
ഭീകരർക്ക് തുല്യം: സുധീരൻ
തിരുവനന്തപുരം: ഇഷ്ടമില്ലാത്തവരുടെ ജീവനെടുക്കുന്ന ഭീകരന്മാരും സി.പി.എമ്മിലെ കൊലപാതകികളും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് കാസർകോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് വി.എം. സുധീരൻ ആരോപിച്ചു. ഷുഹൈബിനെ ക്രൂരമായി കൊലപ്പെടുത്തിയതിനെ തുടർന്നുള്ള ജനരോഷം നിലനിൽക്കുമ്പോഴാണ് വീണ്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലക്കത്തിക്കിരയാക്കിയത്. കൊലക്കത്തി രാഷ്ട്രീയം തുടരുന്ന സി.പി.എമ്മിനെ ജനങ്ങൾ പാഠം പഠിപ്പിക്കും. നേരിട്ട് കൊലപാതകം നടത്തിയവരെയും ഇതിനെല്ലാം പ്രേരിപ്പിച്ചവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന്റെ പിടിയിൽ കൊണ്ടുവരണം. ദേശീയ കുറ്റാന്വേഷണ ഏജൻസി സംഭവം അന്വേഷിക്കണം.
തിരഞ്ഞെടുപ്പിൽ മറുപടി കിട്ടും: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കാസർകോട്ട് രണ്ട് യൂത്ത് കോൺഗ്രസുകാരെ ഹീനമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിസ്ഥാനത്ത് ആരായാലും പാർലമെന്റ് തിരഞ്ഞെടുപ്പിൽ മറുപടി കിട്ടുമെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടതുമുന്നണി ഇങ്ങനെ പോയാൽ തൂത്തെറിയപ്പെടും. ഈ ദുഃസ്ഥിതിയിൽ നിന്ന് കേരളത്തിന് രക്ഷയില്ലെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് നിരന്തരം രാഷ്ട്രീയകൊലപാതകങ്ങൾ നടക്കുന്നത്. സി.പി.എമ്മിനെതിരെയാണ് ആരോപണമെന്നത് ഗൗരവം കൂട്ടുന്നു. പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് തോന്നിപ്പിക്കും വിധമാണ് കൊലപാതകം നടന്നിരിക്കുന്നത്. കോൺഗ്രസിനൊപ്പം ലീഗ് ഉറച്ചുനിൽക്കുന്നു. കേരളം നേരിടുന്ന വലിയ ശല്യമാണ് ഹർത്താലെങ്കിലും ഇപ്പോൾ അതിന് ആധാരമായിരിക്കുന്ന വിഷയം ഒട്ടും ചെറുതല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചുവപ്പ് ഭീകരതയുടെ ഒടുവിലത്തെ ഇരകൾ: ശ്രീധരൻപിള്ള
തിരുവനന്തപുരം: കാസർകോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേരളത്തിൽ പിണറായി ഭരണത്തിന് കീഴിൽ നടക്കുന്ന ചുവപ്പ് ഭീകരതയുടെ ഒടുവിലത്തെ ഇരകളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ആരോപിച്ചു. കൊല്ലപ്പെടുന്നത് ഏതു കക്ഷിയിൽപെട്ടവരായാലും കൊല്ലുന്നവർ സി.പി.എമ്മുകാരാണെന്ന ചരിത്രം ആവർത്തിക്കുകയാണ്. ഇതൊക്കെയായിട്ടും സി.പി.എമ്മും കോൺഗ്രസും സഖ്യത്തിലും സഹകരണത്തിലുമാണെന്നതാണ് ഏറെ വിചിത്രം. ഇരട്ട കൊലപാതകത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ സി.പി.എമ്മിനെ പറ്റി പരോക്ഷമായിപ്പോലും ഒരു വാക്ക് പരാമർശിച്ചിട്ടില്ല എന്നത് അണികളോടുള്ള വഞ്ചന തുറന്നു കാട്ടുന്നു. പാർട്ടിയോട് പ്രതിബദ്ധതയുള്ള കോൺഗ്രസ് പ്രവർത്തകർ ഈ രാഷ്ട്രീയ വഞ്ചന തിരിച്ചറിഞ്ഞ് പ്രതികരിക്കണം.