1

വിഴിഞ്ഞം: ലക്ഷദ്വീപിന്റെ രുചി കൂട്ടുമായി 'കവരത്തി '. കോവളത്തെ കേന്ദ്ര ടൂറിസം മന്ത്രാലത്തിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ നേതൃത്വത്തിലാണ് ഇന്നലെ വ്യത്യസ്ത ഭക്ഷണവിഭവങ്ങൾ ഒരുക്കിയത്. നഗരത്തിലെ യത്തീഖാനയിലെ 20 ഓളം കുട്ടികൾക്കാണ് ലക്ഷദ്വീപിന്റെ സംസ്കാരത്തെയും ഗ്രാമീണതയെയും കുറിച്ചറിയാനും വിവിധ തരം ഭക്ഷണം രുചിക്കാനും അവസരം ലഭിച്ചത്. ലക്ഷദ്വീപിലെ പ്രധാന ഭക്ഷണമായ മീൻ വിഭവങ്ങൾ ഉൾപ്പെടെ കുട്ടികൾക്കായി ഇവിടെ ഭക്ഷണം ഒരുക്കിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ തന്നെയാണ് ഈ ഭക്ഷണങ്ങൾ തയാറാക്കിയത്. അതിഥികൾക്കായി ഡാൻസും പാട്ടും ഉൾപ്പെടെയുള്ള കലാപരിപാടികളും ഒരുക്കിയിരുന്നു. ലക്ഷദ്വീപിനെ ആസ്പദമാക്കി ഏക് ഭാരത് ശ്രേഷ്ട് ഭാരത് എന്ന ടൂറിസം മന്ത്രാലയത്തിന്റെ പരിപാടിയുടെ ഭാഗമായി നടത്തിയ തീം ലഞ്ച് ആണ് കവരത്തി എന്ന പേരിൽ നടന്നത്. ലക്ഷദ്വീപിന്‌ മാത്രം സ്വന്തമായ പലതരം വിഭവങ്ങൾ ഭക്ഷണത്തിനായി ഒരുക്കിയിരുന്നു. കലക്കി ചുട്ട പത്തിരിയും ചമ്മം കറിയും (നെയ്മീൻ തേങ്ങാപ്പാലിൽ വറ്റിച്ചെടുത്തത്) കുറി പീരയും (നെത്തോലി പീര) തേങ്ങാച്ചോറും എട്ടു മന്തതും (ഇറച്ചി ചോറ്) വെള്ളക്കറിയും (വെജിറ്റബിൾ സ്റ്റു) എന്നീ ദ്വീപിന്റെ തനതു വിഭവങ്ങളാണ് കുട്ടികളും അതിഥികളും രുചിച്ചത്. ബത്തേലപ്പവും തേങ്ങാ ലഡ്ഡുവും വേറിട്ടമധുരങ്ങളായി. ഒന്നര മണിക്കൂർ നീണ്ടു നിന്ന ലഞ്ചിന്‌ വിസ്മയിപ്പിക്കുന്ന കലാവിരുന്നും ഒരുക്കിയിരുന്നു. വട്ടപ്പാട്ടും ഒപ്പനചുവടുകളും ഉർദു സംഗീതവും ഒക്കെ നിറമേകി. അമൽ. വി.അനിൽ, അഭിക്ഷേക്. ആർ. ശെനി, ദിവേഷ് ആന്റണി, ഇർഫാൻ. എം. അബു എന്നീ വിദ്ധ്യാർത്ഥികളാണ് നേതൃത്വം നൽകിയത്.