ആയിരത്തൊന്നുരാവുകൾ എന്ന് കേൾക്കാത്തവർ അക്ഷരാഭ്യാസം ഉള്ള മലയാളികൾക്കിടയിൽ ഉണ്ടാകാനിടയില്ല. അനന്തമായി നീണ്ടുപോകുന്ന ആഖ്യാനം പല കഥകളും തമ്മിൽ ഒരു ബന്ധവും കാണുകയില്ല. ഇടയ്ക്ക് അലാവുദ്ദീൻ അത്ഭുതവിളക്കുമായി വരും. വേറെ ചില നേരം ആലിബാബ. പിന്നെ സിൻബാദ്. കഥ പറയുന്നയാളെ വധിക്കാൻ കഥ കേൾക്കുന്നയാൾക്ക് അവസരം കിട്ടുന്നില്ല. ആയിരം ദിവസങ്ങളായി പിണറായി കഥ പറയാൻ തുടങ്ങിയിട്ട്. ഇടയ്ക്ക് നാം അക്ഷമരാകുമെങ്കിലും അപ്പോൾ ഒരു പുതിയ കഥ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റും. പ്രാഗൽഭ്യമെന്നോ സൗഭാഗ്യമെന്നോ നാം ഇതിനെ വിവരിക്കേണ്ടത് !
ശബരിമല
ഒടുവിൽ പറഞ്ഞുനിറുത്തിയ കഥ ശബരിമലയിലെത്തിയ കനകദുർഗമാരുടേതാണല്ലോ. ശബരിമലവിഷയത്തിൽ ഞാൻ അഭിപ്രായം പറയുന്നില്ല. ഒരു മതത്തിലെ ആചാരത്തെക്കുറിച്ച് ഇതരമതസ്ഥർ അഭിപ്രായം പറയാതിരിക്കുന്നതാണ് മതബഹുല സമൂഹത്തിൽ കാമ്യം. ആർ.എസ്.എസ്. സൈദ്ധാന്തികൻ മോഹൻദാസും ഞാനും ഒരേ കോളേജിൽ പഠിച്ചവരാണുതാനും. മോഹൻദാസും മിണ്ടുന്നില്ലല്ലോ. എന്നാൽ ആ വിഷയത്തിന്റെ രാഷ്ട്രീയമാനവും ധ്വനികളും പൗരബോധം ഉള്ളവർ ആരായാലും ശ്രദ്ധിച്ചുപോകും. എന്റെ നോട്ടത്തിൽ രണ്ടുപേർ മാത്രമാണ് ഇക്കാര്യത്തിൽ പരിക്കേല്ക്കാതെ നിൽക്കുന്നത്. ഒന്ന് , എന്റെ മാന്യസഹോദരൻ ജി. സുകുമാരൻ നായർ. നായർ സമുദായത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറയ്ക്കുകയും പൊതുസമൂഹത്തിൽ അദ്ദേഹത്തിന്റെ മാനം വർദ്ധിക്കുകയും ചെയ്തു. അഭിപ്രായസ്ഥിരതയും അത് പ്രകടിപ്പിക്കുന്നതിലെ പക്വതയും ആണ് സുകുമാരൻ നായർക്ക് തുണയായത്. മറ്റെയാൾ കടകവിരുദ്ധമായ നിലപാടുള്ള പിണറായി തന്നെ. അവിടെയും അഭിപ്രായസ്ഥിരതയും അത് പ്രകടിപ്പിക്കുന്നതിലെ ദൃഢതയും ആണ് വിജയരഹസ്യം.
പിണറായിയുടെ രാഷ്ട്രീയം
വിജയൻ ഒരു കുഴി ഒരുക്കി, പണ്ട് ആനപിടുത്തം ഉണ്ടായിരുന്ന കാലത്തെന്നത് പോലെ . അതിൽ ആദ്യം ശ്രീധരൻപിള്ള വീണു. താൻ വീണില്ലെങ്കിൽ മോശമാണെല്ലോ എന്ന് കരുതി രമേശ് പിറകെ ചാടി. സുകുമാരൻ നായർ മാത്രം കുഴിയുടെ മറുവശത്ത് ശരിദൂരത്തിൽനിന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. ലാ കോളേജിലെ സിലബസിന് എന്തോ കുഴപ്പം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പിണറായി കളിച്ചത് രാഷ്ട്രീയമല്ലേ എന്ന് ചോദിക്കാം. സംശയമെന്ത്? രാഷ്ട്രീയം തന്നെ. അദ്ദേഹം രാഷ്ട്രീയക്കാരനാണല്ലോ. ക്ളിഫ് ഹൗസിൽ എത്തിയ അച്യുതാനന്ദനെ ചീഫ് സെക്രട്ടറിയുടേതിനെക്കാൾ ചെറിയ വീട് ആയ കവടിയാർ ഹൗസിൽ കുടിയിരുത്തുക മാത്രമല്ല അത് ക്ളിഫ് ഹൗസ് തന്നെ ആണെന്ന് വി.എസിനെ ബോദ്ധ്യപ്പെടുത്തുകയും ചെയ്ത രാഷ്ട്രീയക്കാരനല്ലെ പിണറായി ? അടങ്ങിയിരുന്നു കൊറിക്കാൻ ഭ.പ.ക. എന്നൊരു പൊതി അണ്ടിപ്പരിപ്പും സ്വർണത്താലത്തിൽ വച്ചുകൊടുത്തു. ഇ.എം.എസിന്റെയും വെള്ളോടിയുടെയും ഭരണപരിഷ്കാര നിർദ്ദേശങ്ങൾ പൊടിപിടിച്ചുകിടക്കുമ്പോഴാണല്ലോ വി.എസ്. അച്യുതാനന്ദന്റെ ഭരണപരിഷ്കാര വിളംബരങ്ങൾക്ക് കേരളം കാതോർക്കുന്നത് !
വി.എസിനെ ഒതുക്കിയതിൽ നേടിയ വിജയം സുകുമാരൻ നായരെ ഒതുക്കുന്നതിൽ ആവർത്തിക്കാനാകുമോ എന്ന ചോദ്യം ബാക്കിയാണ് എന്ന് ഞാനും സമ്മതിക്കുന്നു. അത് കാലം മറുപടി പറയേണ്ട ചോദ്യമാണ്. ഏതായാലും ഒരു വെല്ലുവിളിയായി ഉയർന്നുവന്നുകൊണ്ടിരുന്ന ഭാ. ജ.പാ ശബരിമല എന്ന ഒറ്റവിഷയത്തിൽ പലതട്ടിൽ ആയി. ഇനി ഇത് തുന്നിക്കൂട്ടി പഴയപടി ആക്കണമെങ്കിൽ താൻ തന്നെ വരണം എന്നാണ് മുകുന്ദേട്ടൻ പറയുന്നത്. മുകുന്ദേട്ടനെ സുമിത്ര ഒട്ടു വിളിക്കുന്നുമില്ല .ഇൗ രാഷ്ട്രീയ സാധ്യത മുൻകൂട്ടി കണ്ടു എന്നത് മാത്രമാണ് പിണറായിയുടെ പ്രാഗൽഭ്യം. ബാക്കിയെല്ലാം ഭാഗ്യമാണ്. വിമോചനസമരത്തിൽ കത്തോലിക്കാസഭയുടെ പങ്ക് സുവിദിതമാണ്. എന്നാൽ ഒരൊറ്റ മെത്രാൻ പോലും സമരവേദിയിൽ പ്രസംഗിക്കാൻ എത്തിയില്ല. ശബരിമല സമരക്കാരാകട്ടെ ആദരണീയനായ പ്രകാശാനന്ദ സ്വാമികളെയും ജനകോടികൾ ദേവിയായി കാണുന്ന അമ്മ അമൃതാനന്ദമയിയെയും സമരത്തിലിറക്കി. സമരം വിഭാഗീയമായി അടയാളപ്പെടുത്തപ്പെടാൻ വേറെ വല്ലതും വേണോ? അതിൽ പിണറായിക്ക് കാര്യം ഒന്നും ഇല്ല. അതുകൊണ്ടാണ് 'ബാക്കിയെല്ലാം ഭാഗ്യം" എന്ന് മുകളിൽ പറഞ്ഞത്.
ലോക്സഭാ തിരഞ്ഞെടുപ്പ്
ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമലയിലെ സ്ത്രീപ്രവേശം ഒരു പ്രധാന വിഷയം ആയിരിക്കുകയില്ല. ജയിക്കുന്നത് പിണറായിയോ മുല്ലപ്പള്ളിയോ ആകാം. ആരായാലും ശബരിമല ആയിരിക്കയില്ല കാരണം. 2004 ൽ ഭാ.ജ.പാ.യുടെ തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരുന്നു ഞാൻ. അന്ന് രണ്ടരലക്ഷത്തോളം വോട്ട് നേടി ഒ. രാജഗോപാൽ. ഇപ്പോൾ സുരേന്ദ്രൻ ഒരുവഴി, ശോഭാസുരേന്ദ്രൻ മറ്റൊരു വഴി. മുരളീധരൻ വടക്കോട്ട്, കൃഷ്ണദാസ് തെക്കോട്ട്, എം.ടി. രമേശ് കിഴക്കോട്ട്, രാധാകൃഷ്ണൻ തൃശൂർക്ക്. ഇൗ ശിഥിലീകരണത്തിന് ശബരിമലയോട് ബന്ധപ്പെട്ട രാഷ്ട്രീയനീക്കങ്ങളിൽ അന്യമാക്കപ്പെട്ട ലക്ഷ്യബോധം ആക്കം കൂട്ടി.
ഭരണരംഗം
ഇനി ഭരണരംഗത്തേക്ക് നോക്കാം. തികഞ്ഞ ലക്ഷ്യബോധത്തോടെയും ദൃഢനിശ്ചയത്തോടെയും ആണ് സർക്കാർ മുന്നോട്ടുപോകുന്നത് എന്ന് നിസ്സംശയം പറയാം. മന്ത്രിമാർക്കൊക്കെ മുഖ്യമന്ത്രിയെ ലേശം പേടിയുണ്ട് എന്ന് നമുക്കറിയാം. അത് വെസ്റ്റ് മിനിസ്റ്റർ സമ്പ്രദായത്തിൽ അരോചകമായി തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ക്രെംലിൻ സമ്പ്രദായത്തിൽ അതാണ് രീതി. ക്രെംലിനിൽ മാത്രം അല്ല. കേഡർ പാർട്ടികളുടെ സമ്പ്രദായം എപ്പോഴും അതാണല്ലോ. മോദിയെ കേന്ദ്രമന്ത്രിമാർക്കും ഭയമല്ലേ? അതിനൊരു മറുവശം ഉണ്ട്. മോദിയും പിണറായിയും പറഞ്ഞാൽ പറഞ്ഞതാണ്. സംഗതി നടന്നിരിക്കും.
മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന ഐ.ടി വകുപ്പ് എടുക്കാം. ഐ.ടി. മേഖലയിലെ തൊഴിലിന്റെ സ്വഭാവം അനുദിനമെന്നവണ്ണം മാറിക്കൊണ്ടിരിക്കുകയാണ് എന്ന് സർക്കാർ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന സംഗതി ഞാൻ അത്ഭുതത്തോടെയാണ് ശ്രദ്ധിക്കുന്നത്. ഇപ്പോൾ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഐ.ടി വിദഗ്ദ്ധർക്ക് അവരുടെ നൈപുണ്യം നവീകരിക്കാനും വികസിപ്പിക്കാനും ഉള്ള ഏർപ്പാടുകൾ ഇൗ കൊച്ചുകേരളത്തിൽ ഏർപ്പാടാക്കിയിരിക്കുന്നു. ഗ്ളോബൽ ബ്ളോക് ചെയിൻ എഡ്യൂക്കേറ്റേഴ്സ് നെറ്റ്വർക്ക് ബ്ളോക് ചെയിനിൽ പരിശീലനം കൊടുത്ത് തുടങ്ങിക്കഴിഞ്ഞു. വിശ്വപ്രശസ്തമായ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് (എം.ഐ.ടി) ഡിജിറ്റൽ ഫാബ്രിക്കേഷൻ രംഗത്തും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
നമ്മുടെ സ്റ്റാർട്ടപ്പുകൾ ഒക്കെ കോളേജിൽനിന്ന് പുറത്തുവരുന്ന ചെറുപ്പക്കാരാണ് നടത്തിയിരുന്നത്. ഇപ്പോൾ കുറെക്കൊല്ലത്തെ തൊഴിൽ പരിചയം ഉള്ള പ്രൊഫഷണലുകളെ സ്റ്റാർട്ടപ്പുകളിലേക്ക് ആകർഷിക്കുവാൻ സർക്കാരിന് കഴിഞ്ഞിരിക്കുന്നു. രണ്ടായിരത്തോളം സ്റ്റാർട്ടപ്പുകളിലായി ഇരുപതിനായിരത്തിലേറെ വിദഗ്ദ്ധരാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ഏഴ് സ്ഥലങ്ങളിൽ ഇൻക്യുബേറ്റർ സൗകര്യങ്ങളും അവയ്ക്ക് വേണ്ട മൂലധനവും -വെഞ്ച്വർ ഫണ്ടിങ്ങ്-ഏർപ്പാടാക്കി. ഒപ്പം കാൻസർ ചികിത്സ, സസ്യഗവേഷണം തുടങ്ങി വിവിധ നൂതന മേഖലകളിലും പരീക്ഷണങ്ങൾ നടക്കുന്നു.
കൂടുതൽ ആഗോള ഭീമന്മാർ കേരളത്തിൽ പണം മുടക്കുന്നു. നിസാൻ ഡിജിറ്റൽ ഹബ് ആണ് ഏറ്റവും മികച്ച ഉദാഹരണം. ചന്ദ്രബാബുനായിഡുവുമായി മത്സരിച്ച് ജയിച്ചിട്ടാണ് പിണറായിക്ക് ഇൗ മഹാസംരഭം നമ്മുടെ നാട്ടിൽ എത്തിക്കാൻ കഴിഞ്ഞത്.
അത്ഭുതകരമായ പരിവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന മറ്റെരു മേഖല ആരോഗ്യരംഗം ആണ്. ആർദ്രം പദ്ധതിയെപ്പറ്റി നമുക്കൊക്കെ അറിയാം. നമ്മുടെ സമൂഹത്തിൽ വൃദ്ധജനങ്ങളുടെ അനുപാതം വർദ്ധിക്കുകയാണ്. അതുകൊണ്ടുതന്നെ രോഗങ്ങളുടെ സ്വഭാവവും മാറും. ആർദ്രം പദ്ധതി കണക്കിലെടുക്കുന്ന ഒരു പ്രതിഭാസമാണ് ഇത്. കാർഡിയോളജി, ന്യൂറോളജി, നെഫ്റോളജി വിഭാഗങ്ങൾ താലൂക്ക് ആശുപത്രികളിൽ ശക്തിപ്പെടുത്തുന്നത് ഇതിന്റെ തുടർച്ചയാണ്.
കഴിഞ്ഞ ഒരു ദശാബ്ദമായി ആരോഗ്യസംബന്ധമായ ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും ഞാൻ പറഞ്ഞുകൊണ്ടിരുന്ന ഒരു സംഗതി ഇംഗ്ളണ്ടിലെ ജി.പി സംവിധാനം ഇവിടെ നടപ്പിലാക്കണം എന്നതാണ്. സാങ്കേതിക തടസ്സങ്ങളും സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റവും ഒക്കെ എതിർവാദങ്ങളായി പലരും ഉന്നയിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ഇതിന്റെ ഒരു വകഭേദം സർക്കാർ നടപ്പാക്കിത്തുടങ്ങി. നമുക്ക് ആയിരത്തോളം പ്രൈമറി ഹെൽത്ത് സെന്ററുകൾ ഉണ്ട്. അവയിൽ ഇരുന്നൂറോളം കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നു. ശൈലജ ടീച്ചറും രാജീവ് സദാനന്ദനും ചേർന്ന്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ആരോഗ്യനില പരിശോധിച്ച് വ്യക്തിഗതമായ ഒരു സുരക്ഷാപദ്ധതി, പ്രഷറും പ്രമേഹവും ഒക്കെ പതിവായി പരിശോധിക്കാനുള്ള സൗകര്യം, വൈകുന്നേരം വരെ ഒ.പി സൗകര്യം, അതിനുള്ള അധിക ജീവനക്കാർ ഇങ്ങനെ സമഗ്രമാണ് ഇൗ പദ്ധതി.
പണ്ട് തിരുവനന്തപുരത്തും കൊച്ചിയിലും മാത്രം ലഭ്യമായിരുന്ന കാത്ലാബ്, പാലിയേറ്റീവ് കീമോതെറാപ്പി, ഡയാലിസിസ് ഇത്യാദി ഒട്ടേറെ സംഗതികൾ ജില്ലാ-താലൂക്ക് ആശുപത്രികളിൽ നടപ്പിലായിക്കഴിഞ്ഞു. പ്രസവത്തോടനുബന്ധിച്ച് അമ്മമാരും കുഞ്ഞുങ്ങളും മരണപ്പെടുന്നത് ആരോഗ്യരംഗത്തെ ഒരു വലിയ പ്രതിസന്ധിയാണെന്ന് നമുക്കറിയാം. കഴിഞ്ഞ മൂന്നുവർഷം ഇക്കാര്യത്തിലും പുരോഗതി രേഖപ്പെടുത്തി. അമ്മമാരുടെ മരണനിരക്ക് 68 ൽനിന്ന് 46 ആയി. കുഞ്ഞുങ്ങളുടേത് പന്ത്രണ്ടിൽനിന്ന് പത്ത് ആയി കുറഞ്ഞു.
കാൻസർ, ക്ഷയം, കുഷ്ഠം തുടങ്ങിയ മേഖലകളിൽ രൂപപ്പെടുത്തിയിട്ടുള്ള കർമ്മപദ്ധതികളും സ്വകാര്യാശുപത്രികളിലെ തീവെട്ടിക്കൊള്ള നിയന്ത്രിക്കാനുള്ള നടപടികളും നഴ്സുമാരുടെ വേതനപരിഷ്കരണവും എടുത്തുപറയേണ്ടതില്ല. നിപ്പാ വൈറസ് നേരിട്ടവിധം ലോകം മുഴുവൻ ശ്രദ്ധിച്ചതാണ്. അന്താരാഷ്ട്രീയ നിലവാരം ഉള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പുറമേ.
ടൂറിസം, പരിസ്ഥിതി, റോഡുവികസനം, പി.എച്ച്. കുര്യൻ റവന്യൂ വകുപ്പിൽ നടപ്പാക്കിയ കർഷകാഭിമുഖ്യമുള്ള പരിപാടികൾ ഇങ്ങനെ നേട്ടങ്ങൾ എല്ലാ മേഖലയിലും ഉണ്ടായി. മോദിയുടെ കാര്യത്തിലെന്നതുപോലെ വിജയന്റെ കാര്യത്തിലും വ്യക്തിപരമായ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കണം.
പോരായ്മകളില്ലേ എന്ന് ചോദിക്കാം. ഉണ്ട്. അവ തിരിച്ചറിയാനും പരിഹരിക്കാനും പോന്ന നേതൃത്വം ആണ് നാട് നയിക്കുന്നത് എന്നറിയുന്നതിനാലാണ് അത് വിവരിക്കാത്തത്. ഉമ്മൻചാണ്ടിക്കെതിരെയുള്ള പരാതി ഫേസ്ബുക്കിൽ എഴുതിയാണ് സുധീരൻ പരിഹരം തേടിയത്. ന ബ്രൂയാത് സത്യമ പ്രിയം എന്നതാണ് എന്റെ പ്രമാണം. എങ്കിലും പൊലീസ്, സിവിൽ സപ്ളൈസ് തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട ചില മേഖലകളിൽ മുഖ്യമന്ത്രി പ്രത്യേകം മനസിരുത്താനുണ്ട് എന്ന് പറയാതെ വയ്യ താനും.