തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം മുഖ്യമായി ഉന്നയിക്കുമെങ്കിലും അതിനെക്കാൾ ബി.ജെ.പി ഊന്നൽ നൽകുക കേന്ദ്രസർക്കാർ പദ്ധതികളുടെ ഉപഭോക്താക്കളെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രചാരണത്തിനായിരിക്കുമെന്ന് വിവരം. ഒരുവർഷം മുമ്പ് ബി.ജെ.പി കണക്കെടുത്തപ്പോൾ സംസ്ഥാനത്ത് കേന്ദ്രസർക്കാരിന്റെ പദ്ധതികളുടെ നേരിട്ടുള്ള വ്യക്തിഗത ഗുണഭോക്താക്കളായത് 26 ലക്ഷം പേരാണ്. പിന്നീട് അത് കൂടി. ഇത് കണക്കിലെടുത്ത് കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് വോട്ട് ഉറപ്പിക്കാനാണ് ബി.ജെ.പി ശ്രമം. ഇതിനായി യുവമോർച്ച, മഹിളാ മോർച്ച, കിസാൻ മോർച്ച, പട്ടിക ജാതി മോർച്ച, പട്ടിക വർഗ മോർച്ച തുടങ്ങിയവയുടെ സേവനം പ്രയോജനപ്പെടുത്തും.
നേരത്തെ ദേശീയ തലത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതികളുടെ ഗുണഭോക്താക്കളായ 22 കോടി പേരെ ലക്ഷ്യം വയ്ക്കാനാണ് ബി.ജെ.പി ലക്ഷ്യം വച്ചിരുന്നത്. അതിന് ശേഷമാണ് ആയുഷ്മാൻ ഭാരത് എന്ന ലോകത്തിലെ ഏറ്രവും വലിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ആവിഷ്കരിച്ചത്. പത്ത് കോടി പേർ ഇതിന്റെ ഗുണഭോക്താക്കളാണ്. ആശ, അംഗൻവാടി വർക്കർമാർക്കുള്ള വേതന വർദ്ധന, ഇ.എസ്.ഐ പരിധി വർദ്ധിപ്പിച്ചത്, ആദായി നികുതി പരിധി ഉയർത്തിയത് തുടങ്ങിയവയെല്ലാം നേട്ടങ്ങളായി ഉയർത്തിക്കാട്ടും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 17 കോടി വോട്ടാണ് ദേശീയതലത്തിൽ ബി.ജെ.പിക്ക് ലഭിച്ചത്.
പദ്ധതികൾ നിരവധി
യുവാക്കൾക്ക് തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ നൽകുന്ന മുദ്രാ വായ്പ , പാവപ്പെട്ടവർക്ക് സൗജന്യ പാചക വാതകം നൽകുന്ന ഉജ്ജ്വല യോജന, കർഷകർക്കുള്ള വിള ഇൻഷ്വറൻസ്, യുവസംരംഭകർക്കായുള്ള സ്റ്റാർട്ട് അപ്പ്, സ്റ്റാൻഡ് അപ്പ്, പാവപ്പെട്ടവർക്ക് വീട് നൽകുന്ന പ്രധാനമന്ത്രി ആവാസ് യോജന, സാമൂഹ്യപരിരക്ഷാ പദ്ധതികളായ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമായോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, അടൽ പെൻഷൻ തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കളെയും ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നു.
ദേശീയ തലത്തിൽ മുദ്രാ വായ്പ ലഭിച്ചവർ 15.33 കോടി പേരാണ്. ആറ് കോടിപേർക്ക് ഉജ്ജ്വല യോജന വഴി സൗജന്യ പാചക വാതകം കിട്ടുന്നുണ്ട്. പി.എം.എ.വൈ വഴി 1.5 കോടി പേർക്ക് വീടുകൾ നൽകിയിട്ടുണ്ടെന്നും ബി.ജെ.പി അവകാശപ്പെടുന്നു.