തിരുവനന്തപുരം : ആയുഷ് വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ആയുഷ് കോൺക്ലേവ് ഇന്ന് സമാപിക്കും. സമാപന സമ്മേളനം രാവിലെ 11ന് ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കടകംപള്ളി സരേന്ദ്രൻ, വി.എസ്. സുനിൽകുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മേയർ വി.കെ. പ്രശാന്ത്, എ. സമ്പത്ത് എം.പി, എം.എൽ.എമാരായ കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, ഒ. രാജഗോപാൽ, ഐ.ബി. സതീഷ്, സി. ദിവാകരൻ, കെ.എസ്. ശബരീനാഥൻ, ഡി.കെ. മുരളി, വി. ജോയ്, എം. വിൻസെന്റ്, ആരോഗ്യ, ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, ഐ.എസ്.എം ഡയറക്ടർ ഡോ. അനിതാ ജേക്കബ് എന്നിവർ പങ്കെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പദ്ധതികൾക്ക് മുഖ്യമന്ത്രി പുരസ്‌കാരം നൽകും.
സ്റ്റാർട്ടപ്പുകളുടെ ഉത്സവം
ടെക്‌നോപാർക്കിലെ സ്റ്റാർട്ടപ്പ് സംരംഭമായ 'ആയുർവേദം ഫോർ യു വെബ്‌സൈറ്റ്" പരമ്പരാഗത ചികിത്സ തേടുന്നവർക്ക് വഴികാട്ടിയാണ്. നമ്മുടെ അടുത്ത് വിദഗ്‌ദ്ധ ചികിത്സ നൽകുന്ന ആയുർവേദ ആശുപത്രി, ഡോക്ടർമാർ തുടങ്ങിയ വിവരങ്ങളെല്ലാം വിരൽ തുമ്പിലെത്തിക്കുകയാണ് പാലക്കാട് സ്വദേശി മോഹനകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള 'ആയുർവേദം ഫോർ യു". മൂന്ന് മാസം മുമ്പാണ് തിരുവനന്തപുരം കേന്ദ്രമാക്കി ഇത് തുടങ്ങിയത്. വിദേശത്തു നിന്ന് ചികിത്സയ്‌ക്കെത്തുന്നവർക്കും കേരളത്തിലെ മികച്ച ആശുപത്രികൾ ഇതിലൂടെ കണ്ടെത്താം.
ആവശ്യക്കാർക്ക് മരുന്നുകൾ ഓർഡർ ചെയ്യാനുള്ള സൗകര്യവും ആയുർവേദം ഫോർ യു ഒരുക്കുന്നു. ഡോക്ടറുടെ കുറിപ്പടിയും ഒ.പി ടിക്കറ്റ് നമ്പരും രേഖപ്പെടുത്തിയാൽ മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താനാകൂ. ഔഷധസസ്യ കർഷകർക്ക് മികച്ച ഓൺലൈൻ മാർക്കറ്റ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കർഷകരെയും മരുന്നുകമ്പനികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനാകുമെന്നും കർഷകർക്ക് ഇടനിലക്കാരില്ലാതെ ഉത്പന്നം വിൽക്കാൻ സാധിക്കുമെന്നും മോഹനകൃഷ്ണൻ പറയുന്നു.