vizhinjam

വിഴിഞ്ഞം: കല്ലിയൂർ പെരിങ്ങമ്മല എസ്.എൻ.വി വിവേകപ്രദായിനി ഗ്രന്ഥശാല ഹൈടെക് ആകുന്നത്. കോവളം എം.എൽ.എ എം. വിൻസന്റിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 16 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ഹൈടെക് ക്ലാസ് മുറിയുടെ ഉദ്ഘാടനം 24 ന് നടക്കും. 1945ൽ നിർമ്മിച്ച എസ്.എൻ.വി വിവേകപ്രദായിനി വായനശാല ആൻഡ് ഗാന്ധി സ്മാരക ഗ്രന്ഥശാല ആദ്യമായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ ഗ്രന്ഥശാല കൂടിയാണ്. 20000ത്തോളം പുസ്തകങ്ങൾ, 350 ലേറെ വിജ്ഞാനപ്രദമായ സിഡികൾ, 45 ഓളം ആനുകാലികങ്ങൾ. 12 ദിനപത്രങ്ങൾ എന്നിവയെല്ലാം ഗ്രന്ഥശാലയിലുണ്ട്. സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തിയ കല്ലിയൂർ പഞ്ചായത്തിലെ ഏക ലൈബ്രറിയാണിത്. ജില്ലാ കളക്ട്രേറ്റ് വഴി വിഭാവനം ചെയ്ത ബി.എസ്.എൻ.എല്ലിന്റെ പ്രത്യേക കേബിൾ ശൃംഖല വഴിയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മണിക്കൂറിൽ 16 എം.ബി മുതൽ 30 എം.ബി വരെ വേഗത്തിൽ ഫോണിലും കമ്പ്യൂട്ടറിലും ഇന്റർനെറ്റ് ലഭ്യമാണ്. ആദ്യത്തെ 300 എം.ബി വരെ സൗജന്യമായി ഉപയോഗിക്കാം തുടർന്ന് ഫീസ് നൽകി ഉപയോഗിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പി.എസ്.സി പരിശീലനം, ദീർഘകാല സിവിൽ സർവീസ് പരിശീലനം, കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പ്രകാരം കേരളീയ കലകളിൽ സൗജന്യ പരിശീലനം, ചെസ് പരിശീലന ക്ലാസുകൾ, പെൺകുട്ടികൾക്ക് മാത്രമായി കരാട്ടേ പരിശീലനം എന്നിവയും ഇവിടെയുണ്ട്. കൂടാതെ ബാലവേദി, വനിതാ വേദി, വയോജന വിഭാഗം, മാതൃശിശു സംരക്ഷണ കേന്ദ്രം, മാതൃക അനൗപചാരിക വിദ്യാകേന്ദ്രം, രക്തദാന ഫോറം, സ്പോർട്സ് ക്ലബ്, ഫിലിം ക്ലബ് എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.