ഡൽഹി: നാല്പത് ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ട പുൽവാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജയ്ഷെ കമാൻഡറുമായ കമ്രാൻ എന്ന അബ്ദുൾ റഷീദ് ഘാസിയെ 12 മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ചു.
പാക് ഭീകരനായ കമ്രാനോടൊപ്പം മറ്റൊരു പ്രാദേശിക ഭീകരനായ ഹിലാലും കൊല്ലപ്പെട്ടു.
പുൽവാമയിലെ പിഗ്ലെന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്.
ഏറ്റുമുട്ടലിൽ ഒരു മേജർ ഉൾപ്പെടെ 4 ജവാന്മാർ വീരമൃത്യു വരിച്ചു.മേജർ വിഭൂതി ശങ്കർ , ഹവിൽദാർ ഷിയോ റാം, ഹരി സിംഗ്, അജയ് കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്.
ഒരു സിവിലിയനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
സി.ആർ.പി.എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിൽ ചാവേർ ആക്രമണം നടത്തിയ ആദിൽ അഹമ്മദ് ദറിന് പരിശീലനം നൽകിയതും ബോംബ് നിർമ്മാണത്തിൽ പ്രധാനപങ്കുവഹിച്ചതും ഘാസിയാണ്. പുൽവാമ സംഭവത്തിന് ശേഷം നാലുദിവസത്തിനുള്ളിൽ ഘാസിയെ വധിക്കാൻ കഴിഞ്ഞത് സൈന്യത്തിന്റെ ആത്മവിശ്വാസം ഉയർത്തിയിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 12.50നാണ് പിഗ്ലെനയിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. സുരക്ഷാസേന ഈ പ്രദേശം വളഞ്ഞിരിക്കുകയായിരുന്നു. റെയ്ഡ് തുടരുന്നതിനിടെ ഒരു ഭാഗത്തു നിന്ന് വെടിവയ്പ് ഉണ്ടായതോടെയാണ് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന് തീർച്ചയായത്. തുടർന്ന് നടന്ന വെടിവയ്പിലാണ് ഘാസി വീണത്.
കമ്രാൻ എന്ന ഘാസി, കൊടും ഭീകരൻ
പുൽവാമ ആക്രമണത്തിന്റെ 'തല' പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറിയ ഘാസി ആയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഘാസി കാശ്മീരിലെത്തിയത്. പുൽവാമ ആക്രമണത്തിന് നാലു ദിവസം മുമ്പ് നടന്ന ഒരു ഏറ്റുമുട്ടലിൽ തലനാരിഴയ്ക്കാണ് ഘാസി രക്ഷപ്പെട്ടത്. ഐ.ഇ.ഡി സ്ഫോടന വിദഗ്ദ്ധനായ ഘാസി അഫ്ഗാൻ യുദ്ധവീരനായാണ് ഭീകരർക്കിടയിൽ അറിയപ്പെടുന്നത്. ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ തലവൻ മസൂദ് അസറിന്റെ ഏറ്റവും വിശ്വസ്തനായ അനുയായിയായ ഘാസിക്ക് മുപ്പത് വയസിനുമേൽ വരും. ഒരു ദശാബ്ദം മുമ്പാണ് ഇയാൾ ഭീകര സംഘത്തിൽ അംഗമായത്. ഐ ഇ.സി സ്ഫോടക വസ്തുക്കളുടെ നിർമ്മാണത്തിലും പ്രയോഗത്തിലും താലിബാനാണ് ഇയാൾക്ക് പരിശീലനം നൽകിയത്.
അഫ്ഗാനിലെ യുദ്ധത്തിന് ശേഷം 2011 ലാണ് പാക് അധീന കാശ്മീരിലേക്ക് മടങ്ങിയത്. ക്യാമ്പിൽ ജിഹാദി പരിശീലനത്തിന്റെ മുഖ്യചുമതലക്കാരനായിരുന്നു. ജിഹാദി സാഹിത്യവും ആയുധങ്ങളും ഒരേപോലെ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ദ്ധ്യമാണ് ഇയാളെ മുൻനിരയിലേക്ക് ഉയർത്തിയത്.
മസൂദ് അഷറിന്റെ അനന്തരവൻ ഉസ്മാന്റെ വധത്തിന് പകരം ചോദിക്കാനായാണ് ഘാസിയെ കാശ്മീരിലേക്ക് നിയോഗിച്ചത്.