പോത്തൻകോട് : ശ്രീപണിമൂല ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നാളെ നടക്കും. പതിനായിരക്കണക്കിന് ഭക്തർ ഇത്തവണ പൊങ്കാല അർപ്പിക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ക്ഷേത്ര പരിസരത്ത് വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിമോഹൻ നായർ പറഞ്ഞു. ഇന്ന് രാവിലെ രാവിലെ 8 ന് ദേവീ മാഹാത്മ്യ പാരായണം, 9.30 ന് ശ്രീ ഭദ്രാഗാനാമൃതം, വൈകിട്ട് 4ന് ഭജന, 5.30 ന് സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പണിമൂല ദേവീക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ആർ. ശിവൻകുട്ടിനായർ അദ്ധ്യക്ഷത വഹിക്കും. പാലോട് രവി, ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ എം. രാജഗോപാലൻനായർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻനായർ, പഞ്ചായത്ത് അംഗങ്ങളായ സി. ഹരികുമാർ, സി. ഗിരിജാകുമാരി പണിമൂല ദേവീക്ഷേത്ര ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി കെ. വിജയകുമാർ, ട്രസ്റ്റ് വൈസ് പ്രസിഡന്റ് എസ്. നാരായണൻ തുടങ്ങിയവർ സംസാരിക്കും.
വൈകുന്നേരം 6.45 ന് നടക്കുന്ന കാവ്യ സന്ധ്യയും ശ്രീപണിമൂല അമ്മ കാവ്യ പുരസ്‌കാര സമർപ്പണവും പാലോട് രവി ഉദ്ഘാടനം ചെയ്യും. ആർ. ശിവൻകുട്ടിനായരുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കാവാലം ശ്രീകുമാർ, ശ്രീകുമാർ വാസുദേവൻ, എം.ആർ. ഗോപൻ, പകൽക്കുറി വിശ്വൻ, ട്രസ്റ്റ് ട്രഷറർ എ. രവീന്ദ്രൻനായർ, ചായം ധർമ്മരാജൻ, സുധാകരൻ ചന്തവിള, സന്തോഷ് തോന്നയ്ക്കൽ, ചാന്നാങ്കര ജയപ്രകാശ്, പണിമൂല ചന്ദ്രൻ, പണിമൂല അജിത്ത്, ഇടത്തറ ഭാസി, സുധൻ എസ്. നായർ തുടങ്ങിയവർ പങ്കെടുക്കും. രാത്രി 8ന് ഭരതനാട്യം, 8.30 ന് ക്ലാസിക്കൽ ഡാൻസ്. പൊങ്കാലമഹോത്സവത്തിനു മുൻപേ തന്നെ ക്ഷേത്ര പറമ്പിൽ പൊങ്കാല കലങ്ങളും പാത്രങ്ങളും വാങ്ങാൻ നല്ല തിരക്കാണ്. സിവിൽ സപ്ലൈസ് വകുപ്പിന്റെ സഞ്ചരിക്കുന്ന ന്യായവില ഷോപ്പും ക്ഷേത്രത്തിൽ സജീവമായുണ്ട്.