rahul-gandhi

തിരുവനന്തപുരം: കാസർകോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അരുംകൊല ചെയ്യപ്പെട്ട സംഭവത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി കേരള നേതാക്കളെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാൻ രാഹുൽഗാന്ധി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സംസ്കാരത്തിന് ശേഷം മതിയെന്ന് നേതാക്കൾ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,​ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ,​ കെ.സി. ജോസഫ് എം.എൽ.എ എന്നിവർ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിച്ച വേളയിലാണ് രാഹുൽ ഗാന്ധി അവരോട് ഫോണിൽ സംസാരിച്ചത്.

നേരത്തേ രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ക്രൂരമായ കൊലപാതകത്തെ അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയുമുണ്ടായി. മുൻ മന്ത്രി എ.പി. അനിൽകുമാർ,​ എം.എൽ.എമാരായ അൻവർ സാദത്ത്, ശബരീനാഥൻ, ഷാഫി പറമ്പിൽ എന്നിവരും നേതാക്കളോടൊപ്പം കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചു.