തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ അക്രമാസക്തരായതോടെ പൊലിസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിൽ മൂന്നു പ്രവർത്തകർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കല്ലേറിൽ മാദ്ധ്യമപ്രവർത്തകർക്ക് പരിക്കേൽക്കുകയും കാമറയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തു നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ കല്ലും പ്ലാസ്റ്റിക് കുപ്പികളും കൊടി കെട്ടാനുപയോഗിച്ച വടിയും വലിച്ചെറിയുകയായിരുന്നു. പ്രവർത്തകർ സി.പി.എമ്മിന്റെ ഫ്ലക്സ് ബോ‌ർഡുകൾ തകർത്തു. മാർച്ച് നടക്കുന്ന സമയം സെക്രട്ടേറിയറ്റ് ധർണ നടത്തുകയായിരുന്ന ആർ.എസ്.പി പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എെക്യധാർഢ്യം പ്രഖ്യാപിച്ചെത്തി. തുടർന്ന് ഇരു പ്രവർത്തകരും ചേർന്ന് റോഡ് ഉപരോധിച്ചു. സിപിഎം അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പിയും മുൻ മന്ത്രി ഷിബു ബേബി ജോണും പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. മാർച്ച് നടത്തിയതിനും മാദ്ധ്യമപ്രവർത്തകന് പരിക്കേറ്റതിലും കണ്ടോൺമെന്റ് പൊലീസ് കേസെടുത്തു. സമരവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളായ എൻ.എസ്. നുസൂർ, വിനോദ് യേശുദാസ്, ജി.ലീന, ഷെെൻലാൽ, തിരുവല്ലം പ്രസാദ് തുടങ്ങിയ പത്തോളം പേരെ കാമറമാൻ സതീഷ്‌കുമാറിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 50ഓളം പ്രവർത്തകരുടെ പേരിലുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.