km-mani-

തിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മിൽ ഉടലെടുത്ത മാണി- ജോസഫ് ശീതസമരം യു.ഡി.എഫിൽ സൃഷ്ടിച്ച സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുൻകൈയിൽ മദ്ധ്യസ്ഥശ്രമം. ഇന്നലെ രാവിലെ എം.എൽ.എ ഹോസ്റ്റലിൽ കുഞ്ഞാലിക്കുട്ടിയും ലീഗ് നിയമസഭാകക്ഷി നേതാവ് ഡോ. എം.കെ. മുനീറും ചേർന്ന് കെ.എം. മാണിയുമായും പി.ജെ. ജോസഫുമായും വെവ്വേറെ കൂടിക്കാഴ്ച നടത്തി. മാണിക്കൊപ്പം ജോസ് കെ. മാണിയുമുണ്ടായിരുന്നു. രണ്ട് കൂട്ടരും നിലപാടിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ലെങ്കിലും മഞ്ഞുരുകുന്നതിന്റെ സൂചന പ്രകടമായിട്ടുണ്ടെന്ന് ലീഗ് വൃത്തങ്ങൾ പറയുന്നു. ഈ മാസം 26ന് മാണിയെയും ജോസഫിനെയും ഒരു മേശയ്ക്ക് ചുറ്റിലുമിരുത്തി ചർച്ച ചെയ്യാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കാനായിട്ടുണ്ട്. കൊച്ചിയിൽ നടക്കുന്ന ഈ കൂടിക്കാഴ്ചയുടെ തുടർച്ചയായി യു.ഡി.എഫ് ഉഭയകക്ഷിചർച്ച നടന്നേക്കും.

ഒരു സീറ്റിന് വഴങ്ങാൻ നിർബന്ധിതമായാലും ആ സീറ്റ് തങ്ങളുടെ വിഭാഗത്തിനായാൽ മതിയെന്ന നിലപാടിലേക്ക് ജോസഫ് എത്തിയതായാണ് അറിയുന്നത്. എങ്കിലും രണ്ട് സീറ്റെന്ന ആവശ്യത്തിൽ ഉഭയകക്ഷിചർച്ചയിൽ അദ്ദേഹം ഉറച്ചുനിൽക്കും. മാണി പക്ഷേ, പൂർണമായി അതിനൊപ്പമില്ല. കോട്ടയം സീറ്റ് കൊണ്ട് തൃപ്തിപ്പെടാമെന്ന നിലപാടിലുള്ള മാണി,​ ജോസഫിന്റെ കൂടി താത്പര്യം മാനിച്ച് സ്ഥാനാർത്ഥിനിർണയം നടത്തുമോയെന്നാണ് കണ്ടറിയേണ്ടത്. അതിലേക്ക് കാര്യങ്ങളെത്തിക്കാനാണ് മദ്ധ്യസ്ഥ ഇടപെടലിലൂടെ ലീഗ് നേതൃത്വത്തിന്റെ ശ്രമവും. നേരത്തേ യു.ഡി.എഫ് വിട്ടുപോയ മാണിയെയും കൂട്ടരെയും മടക്കിക്കൊണ്ടുവന്ന അതേ തന്ത്രമാണ് യു.ഡി.എഫിനായി കുഞ്ഞാലിക്കുട്ടി ഇപ്പോഴത്തെ നിർണായകസന്ധിയിലും പയറ്റുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായ സാഹചര്യമുണ്ട്, അതിനാൽ തർക്കങ്ങൾ മുന്നണിയുടെ സാദ്ധ്യതകളെ ബാധിക്കരുത്, കഴിവതും വിട്ടുവീഴ്ച വേണം എന്ന അഭ്യർത്ഥനയാണ് അദ്ദേഹം മാണിഗ്രൂപ്പ് നേതാക്കളോട് പ്രധാനമായും നടത്തിയത്.

തന്നെ അവഗണിച്ച് ജോസ് കെ. മാണിയെ നേതൃത്വത്തിലെത്തിക്കാൻ മാണി ശ്രമിക്കുന്നുവെന്നതാണ് ജോസഫിനെ പ്രകോപിപ്പിക്കുന്ന വികാരം. ഇത് മറികടക്കാനും പാർട്ടിക്കുള്ളിൽ ഒതുക്കപ്പെടുന്ന നില ഒഴിവാക്കാനുമാണ് രണ്ടാമത്തെ സീറ്റിനായി അദ്ദേഹം നിർബന്ധം പിടിക്കുന്നത്. കിട്ടുന്നത് ഒരു സീറ്റായാലും അനുകൂലമായാൽ ജോസഫ് തന്നെ മത്സരിക്കാനും മതി. തർക്കമുണ്ടെങ്കിലും മുന്നണിക്ക് ദോഷമുണ്ടാക്കുന്ന പ്രതികരണം ജോസഫിൽ നിന്നുണ്ടാകില്ലെന്ന് യു.ഡി.എഫ് നേതാക്കൾ പൊതുവിൽ കരുതുന്നുണ്ട്.

ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ച ഇന്നലെ യു.ഡി.എഫ് നേതൃത്വം നിശ്ചയിച്ചതാണെങ്കിലും കാസർകോട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ അത് മാറ്റിവയ്ക്കുകയായിരുന്നു. മാണിയുമായും ജോസഫുമായും ചർച്ച നടത്തിയെന്ന വാർത്ത കുഞ്ഞാലിക്കുട്ടി പിന്നീട് വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. 'രാഷ്ട്രീയം തന്നെയാണ് സംസാരിച്ചത്. ചക്കയുടെയും മാങ്ങയുടെയും കാര്യമല്ലല്ലോ പറയുക'- കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള കോൺഗ്രസിൽ പിളർപ്പുണ്ടാകില്ലെന്നും എല്ലാം സൗഹൃദമായി തീരുമെന്നും അദ്ദേഹം പറഞ്ഞു.