വെള്ളറട : നിർമ്മാണത്തിനിടെ തകർന്ന കോൺക്രീറ്റ് ഭിത്തിക്കടിയിൽ കെട്ടിടനിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. കുടപ്പനമൂട് അലമണ്ണൂർ വടക്കേക്കര പുത്തൻവീട്ടിൽ ശശികുമാറാണ് (41) മരിച്ചത്. ഇന്നലെ രാവിലെ 10ന് വെള്ളറട ചൂണ്ടിക്കലിനു സമീപമായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ വസ്തുവിലേക്ക് പാലം നിർമ്മിക്കുന്നതിനായി തോടിന്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് ഭിത്തികൾ നിർമ്മിക്കുന്നതിനിടെയായിരുന്നു ദുരന്തമുണ്ടായത്. ഭിത്തിയുടെ ഒരു ഭാഗം തകർന്ന് ശശികുമാറിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ഭിത്തിക്കിടയിൽ കുടുങ്ങിയ ശശികുമാറിനെ മറ്റ് തൊഴിലാളികളും ഓടിയെത്തിയ നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് കാരക്കോണത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകിട്ടോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ദിവ്യ, മക്കൾ : ആര്യ, ആദിത്ത്. വെള്ളറട പൊലീസ് കേസെടുത്തു.