photo

നെടുമങ്ങാട്: വഴിയാത്രികർക്ക് വിശ്രമിക്കാൻ കിള്ളിയാറിന്റെ തീരത്ത് നഗരസഭയുടെ വഴിയമ്പലമൊരുങ്ങി. പതിനൊന്നാം കല്ലിൽ പഴയ വവ്വാൽ മരത്തിന്റെ ചോട്ടിലാണ് വഴിയോര വിശ്രമ കേന്ദ്രം. തിരുവനന്തപുരം-ചെങ്കോട്ട റോഡിലൂടെ സഞ്ചരിക്കുന്ന അന്തർസംസ്ഥാന യാത്രക്കാർക്കും നഗരവാസികൾക്കും വിശ്രമത്തിന് ഇടം നൽകിയിരുന്ന വവ്വാൽ മരം അടുത്തകാലത്ത് കടപുഴകി വീണിരുന്നു. ഈ ഭാഗത്താണ് നഗരസഭയുടെ പുതിയ വിശ്രമ കേന്ദ്രം. മുന്നൂറിലധികം പേർക്ക് ഇരിക്കാവുന്ന ഹാളും സ്റ്റേജും ഇവിടെ ഒടുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിലെ ഒത്തുകൂടലുകൾക്കും സാംസ്കാരിക കൂട്ടായ്മകൾക്കും ഇവിടം പ്രയോജനപ്പെടുത്താം. കുട്ടികളുടെ ഉല്ലാസത്തിനു മനോഹരമായ പാർക്കും ക്രമീകരിച്ചിട്ടുണ്ട്. ഈ പാർക്കിന് മുൻ എം.പി സുശീലാ ഗോപാലന്റെ പേരാണ് നൽകിയിരിക്കുന്നത്. എ. സമ്പത്ത് എം.പി ആവിഷ്കരിച്ച പദ്ധതി നഗരസഭ മുൻകൈ എടുത്ത് യാഥാർത്ഥ്യമാക്കുകയായിരുന്നു. വഴിയോര വിശ്രമ കേന്ദ്രം, മിനി ഓഡിറ്റോറിയം, ചിൽഡ്രൻസ് പാർക്ക് എന്നിവയുടെ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് സി. ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ഡോ.എ. സമ്പത്ത് എം.പി, നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സ്വാഗതം പറയും. വൈസ് ചെയർപേഴ്‌സൺ ലേഖ വിക്രമൻ, നഗരസഭ സെക്രട്ടറി ബീന എസ്. കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ പി. ഹരികേശൻ നായർ, ആർ. മധു, ടി.ആർ. സുരേഷ്, ഗീതാകുമാരി, റഹിയാനത്ത് ബീവി തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ നഗരസഭ പി.എം.എ.വൈ/ ലൈഫ് മൂന്നാംഘട്ടം ഗഡു വിതരണവും നടക്കും.