iuml

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റെന്ന ആവശ്യത്തിൽ നിന്ന് മുസ്ലിംലീഗ് പിന്നാക്കം പോയിട്ടില്ലെന്ന് അഖിലേന്ത്യാ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗ് ഈ ആവശ്യമുന്നയിച്ച ശേഷം ചർച്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും ലീഗ് അതേ നിലപാടിലാണെന്നും കുഞ്ഞാലിക്കുട്ടി വാർത്താലേഖകരോടു പറഞ്ഞു.

തിരഞ്ഞെടുപ്പിൽ കത്തിനിൽക്കുക ദേശീയവിഷയങ്ങളാണ്. പാക്കിസ്ഥാൻ സ്പോൺസേർഡ് ഭീകരാക്രമണത്തിനെതിരെയാണ് എതി‌ർപ്പുകൾ മാറ്റിവച്ച് കേന്ദ്ര സർക്കാരുമായി സഹകരിക്കാൻ തീരുമാനിച്ചത്. സർവകക്ഷിയോഗത്തിലും അതാണ് വ്യക്തമാക്കിയത്. നാടിന്റെ ആവശ്യത്തിനായി ഒന്നിച്ചുനിൽക്കും. അതിക്രമങ്ങളിൽ നിന്ന് പാവപ്പെട്ട കാശ്മീരികളെ സംരക്ഷിക്കേണ്ടതുണ്ടെന്നും കു‌ഞ്ഞാലിക്കുട്ടി പറഞ്ഞു.

വിഷയത്തിൽ രാഷ്ട്രീയം പാടില്ലെന്നു പറഞ്ഞശേഷം,​ കോൺഗ്രസല്ല,​ ബി.ജെ.പിയാണ് രാജ്യം ഭരിക്കുന്നതെന്നതിനാൽ നടപടിയുണ്ടാകുമെന്ന അമിത് ഷായുടെ പ്രസ്താവന വന്നല്ലോ എന്ന ചോദ്യത്തിന്,​ അതിൽ കാര്യമില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇന്ത്യാ- പാക് യുദ്ധം നടന്നത് കോൺഗ്രസ് ഭരിക്കുമ്പോഴാണ്. അന്ന് ജയിച്ചത് ഇന്ത്യയാണ്. ദേശീയതലത്തിൽ ജനങ്ങൾ വലിയ അതൃപ്തിയിലാണ്. അതിനാൽ ബി.ജെ.പിക്ക് തിരിച്ചടി ഉറപ്പാണ്. കേരളത്തിൽ ഇടതുമുന്നണിക്കും അതുതന്നെ സ്ഥിതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.