അസഹിഷ്ണുതയും അക്ഷമയും സ്വാർത്ഥതാത്പര്യങ്ങളും വർദ്ധിച്ചുവരുന്ന കാലത്ത് സ്വന്തം താത്പര്യങ്ങൾക്കുപരി മറ്റുള്ളവരുടെ ഉന്നമനത്തിനായി നിലകൊള്ളുക എന്നുള്ളത് പ്രശംസനീയം തന്നെയാണ്. ഇന്നും സമൂഹത്തിന് സുപരിചിതമല്ലാത്ത ഡിസ്ലെക്സിയ അഥവാ പഠനവൈകല്യ ബാധിതർക്കായി വിദ്യാലയം ആരംഭിച്ച് പ്രജിൻ -സന്ധ്യ ദമ്പതിമാർ വ്യത്യസ്തരാകുന്നത് അതുകൊണ്ടാണ്. ജീവിതത്തിൽ പ്രതിസന്ധി നേരിടുമ്പോൾ പിന്മാറാനും സമൂഹത്തിന്റെ കീഴ്വഴക്കങ്ങളെ പഴിചാരാനും എളുപ്പമാണ്. എന്നാൽ അതിനൊന്നും സമയം കളയാതെ മാറ്റത്തിന് സ്വയം പര്യാപ്തരാകുകയാണ് ഇവർ ചെയ്തത്.
സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്ന് അർത്ഥം വരുന്ന വാക്കാണ് ഡിസ്ലെക്സിയ. പഠിക്കാനും എഴുതാനും വായിക്കാനുമുള്ള ബുദ്ധിമുട്ടും ഇത്തരം കുട്ടികളിൽ സാധാരണമാണ്. പൊതുവെയുള്ള ബുദ്ധിസാമർത്ഥ്യത്തെ ഇൗ അവസ്ഥ ബാധിക്കാറില്ല. പഠനവൈകല്യം മാത്രമാണ് ഡിസ്ലെക്സിയ. ഇത്തരം സാഹചര്യത്തിൽ പഠിക്കാൻ പിന്നിലായ മക്കളെ കുറ്റപ്പെടുത്തുകയോ മറ്റുള്ളവരുടെ മുന്നിൽ നാണംകെടുത്തുകയോ അല്ല മാതാപിതാക്കൾ ചെയ്യേണ്ടത്. അവരുടെ പ്രശ്നങ്ങൾ സമാധാനപൂർവം ചോദിച്ചു മനസിലാക്കണം. താരതമ്യപ്പെടുത്തുന്നതും മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കുന്നതും മാതാപിതാക്കളോടുള്ള വിശ്വാസം നഷ്ടപ്പെടുത്തും. സ്വന്തം പ്രശ്നങ്ങൾ തുറന്നുപറയാനും മടി കാണിക്കും. അത്തരം സാഹചര്യങ്ങൾ ഉണ്ടാകാതെ രക്ഷിതാക്കൾ വേണം ശ്രദ്ധിക്കും.
ഡിസ്ലെക്സിയ തിരിച്ചറിയുക
സ്കൂളിൽ പോകാൻ നിരന്തരമായി മടികാണിക്കുക, പഠിക്കാതിരിക്കുക, അക്ഷരങ്ങൾ മാറിപോവുക, എഴുതുമ്പോൾ തുടർച്ചയായി ഒരക്ഷരമോ സംഖ്യയോ വിട്ടുപോവുക, അക്ഷരങ്ങൾ തലതിരിച്ച് എഴുതുക, സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നുക, നിറങ്ങൾ മാറിപ്പോവുക എന്നിവയാണ് ഡിസ്ലെക്സിയ കുട്ടികളുടെ പ്രധാന പ്രശ്നങ്ങൾ. ആത്മവിശ്വാസക്കുറവ്, നിയന്ത്രിക്കാനാകാത്ത ദേഷ്യം, കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ബുദ്ധിമുട്ട്, വാക്യങ്ങൾ തലതിരിച്ച് വായിക്കുക, ചില വാക്കുകൾ പറയാൻ കഴിയാതെ വരിക എന്നിവയും കണ്ടുവരുന്നു. പറയാൻ പ്രയാസമുള്ള വാക്കുകൾക്ക് പകരം മറ്റു ഭാഷയിലെ വാക്കുകളോ അറിയാവുന്ന വാക്കുകളോ ഉപയോഗിച്ച് അവർ ബുദ്ധിമുട്ടിനെ മറികടക്കാൻ ശ്രമിക്കുന്നു.
അക്ഷരങ്ങളെ ഭാഷയുടെ ഭാഗമായല്ല മറിച്ച് ചിത്രങ്ങളായാണ് ഇവർക്ക് അനുഭവപ്പെടുക. അതുകൊണ്ടുതന്നെ ബോർഡിലെഴുതുന്ന അക്ഷരങ്ങൾ ചലിക്കുന്നതായി തോന്നുകയും അക്ഷരങ്ങൾ ചേർത്ത് വായിക്കാൻ പ്രയാസപ്പെടുകയും ചെയ്യുന്നു. മറ്റുള്ളവരെപ്പോലെ പാഠങ്ങൾ പഠിക്കാനും മനസിലാക്കാനും കഴിയുന്നില്ല എന്ന തോന്നൽ കുട്ടികളെ കൂടുതൽ നിരാശരാക്കുന്നു. കൂട്ടുകാരുടെയും അദ്ധ്യാപകരുടെയും കളിയാക്കലുകൾ കൂടിയാകുമ്പോൾ കുട്ടികൾ സഹിക്കാൻ കഴിയാത്ത ദേഷ്യം പ്രകടിപ്പിക്കും.
പരിഹാരം എന്ത്?
കുട്ടികളെക്കാളുപരി ഇൗ അവസ്ഥ മാതാപിതാക്കളാണ് ആദ്യം അംഗീകരിക്കേണ്ടത്. എന്നാൽ മാത്രമേ ശരിയായ പരിഹാരം കാണാനാവൂ.
മുറികളിൽ അക്ഷരങ്ങൾ തൂക്കിയിടുക, മണലിൽ അക്ഷരങ്ങൾ എഴുതിക്കുക, കണ്ണടച്ച് അവരുടെ ശരീരത്തിൽത്തന്നെ അക്ഷരങ്ങൾ എഴുതിക്കുക അങ്ങനെ പതുക്കെ അവർ പോലുമറിയാതെ അക്ഷരങ്ങളും വാക്കുകളും കുട്ടികൾക്ക് സുപരിചിതമാകും. നിറങ്ങൾ പലപ്പോഴും ഇവർക്ക് മാറിപോകാറുണ്ട്. ക്ഷമയോടെ നിരന്തരം നിറങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിലൂടെ ഇൗ അവസ്ഥ മറികടക്കാം. കാര്യങ്ങൾ മനസിലാക്കാൻ കൂടുതൽ സമയം ഇത്തരം കുട്ടികൾക്ക് നൽകണം.
പൊതുവെ ഉത്സാഹം കൂടുതൽ പ്രകടിപ്പിക്കുന്ന കുട്ടികളാണെങ്കിലും പലപ്പോഴും ഇത് വികൃതിയായി മാത്രമാണ് പരിഗണിക്കപ്പെടുന്നത് . ഉത്സാഹ പ്രകടനങ്ങളെ കുട്ടികൾക്ക് താത്പര്യമുള്ള മേഖലകളിലേക്ക് തിരിച്ചുവിട്ടാൽ അവരുടെ ദേഷ്യവും വാശിയുമൊക്കെ ഒരു പരിധിവരെ നിയന്ത്രിക്കാനാവും. ദേഷ്യത്തെയും വാശിയേയും ശാസനയിലൂടെയും മറ്റും അടിച്ചമർത്താനാണ് ശ്രമിക്കുന്നതെങ്കിൽ വിപരീതഫലമുണ്ടാക്കും . മാത്രമല്ല കുട്ടികളിൽ അക്രമവാസനയുണ്ടാക്കാൻ ഇത് കാരണമാകുകയും ചെയ്യും. പിന്നീടൊരിക്കലും അവരെ തിരുത്താൻ സാധിക്കാത്ത അവസ്ഥയുമുണ്ടാകും. വളരെ ക്ഷമയോടെയും സ്നേഹത്തോടെയും അവരുടെ തെറ്റുകുറ്റങ്ങൾ പറഞ്ഞുമനസിലാക്കാൻ മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കണം.
ഇവരെങ്ങനെ വ്യത്യസ്തരാകുന്നു
ക്രിയാത്മകരംഗത്ത് അസാധ്യമായ അഭിരുചി പ്രകടിപ്പിക്കുന്ന ഇക്കൂട്ടർ സാധാരണ ബുദ്ധിസാമർത്ഥ്യമുള്ളവർ ചിന്തിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുകയും നിലവിലുള്ള ചട്ടക്കൂടുകൾ ഭേദിച്ച് പുതിയ കാര്യങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നു. വിശ്വപ്രസിദ്ധരായ മൈക്കിൾ ഫാരഡെമുതൽ തോമസ് ആൽവ എഡിസൺ വരെ ഡിസ്ലെക് സിയ ബാധിതരായിരുന്നു എന്ന് അറിയുമ്പോൾ മനസിലാക്കാനാകും ഡിസ്ലെക്സിയ ഭയപ്പെടേണ്ട അവസ്ഥയല്ലെന്ന്.
ട്രാവൻകൂർ നാഷണൽ സ്കൂൾ
തികച്ചും അവിചാരിതമായാണ് പ്രജിൻ-സന്ധ്യ ദമ്പതിമാരുടെ ജീവിതത്തിൽ ഡിസ്ലെക്സിയ പ്രധാനമാകുന്നത്. ഡിസ്ലെക്സിയ ബാധിതനായ മകൻ തേജസിന് പഠിക്കാനായൊരു സ്കൂൾ എന്ന ആവശ്യത്തിൽനിന്നുമാണ് ട്രാവൻകൂർ നാഷണൽ സ്കൂളിന്റെ പിറവി.
മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിൽ നടത്തിയ പരിശോധനയിലാണ് മകന് ഡിസ്ലെക്സിയ സ്ഥിരീകരിച്ചത്. തുടർന്ന് ഡിസ്ലെക്സിക് കുട്ടികൾ പഠിക്കുന്ന സ്കൂളിൽ മകനെ ചേർക്കാൻ തീരുമാനിച്ചെങ്കിലും അത്തരമൊരു സ്കൂൾ കണ്ടെത്താനായില്ല. തുടർന്ന് അങ്ങനെയൊരു സ്കൂൾ തുടങ്ങാനും. ഇതേ അവസ്ഥ അനുഭവിക്കുന്ന കുട്ടികളെ കൂടി ഉൾപ്പെടുത്തി അവർക്കും കുടുംബത്തിനും പ്രശ്നപരിഹാരത്തിന് വഴിയൊരുക്കാനും ഇവർ തീരുമാനിക്കുകയായിരുന്നു.
ഡിസ്ലെക്സിയ കുട്ടികൾക്കായി അഞ്ചുവർഷം മുൻപാണ് ട്രാവൻകൂർ നാഷണൽ സ്കൂൾ തിരുവനന്തപുരം ശാസ്തമംഗലത്ത് സ്ഥാപിക്കുന്നത്. എൽ.കെ.ജി മുതൽ പ്ളസ് ടു വരെയുള്ള ക്ളാസുകളിലേക്ക് പഠന സൗകര്യം ലഭ്യമാണ്. പ്ളസ് ടു കഴിഞ്ഞവർക്കായി സി.സി.എ കമ്പ്യൂട്ടർ ക്ളാസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഡിസ്ലെക്സിയ കുട്ടികൾക്കു മാത്രമല്ല ഇപ്പോൾ ഒാട്ടിസം ബാധിതരായ കുട്ടികൾക്കും ഇവിടെ പഠനസൗകര്യം ഒരുക്കിയിട്ടുണ്ട്. എ സ്കൂൾ വിഭാഗത്തിൽപ്പെടുന്ന മറ്റൊരു ക്യാമ്പസിൽ ഒാട്ടിസം കുട്ടികൾക്കായും ഡി സ്കൂൾ വിഭാഗത്തിൽപ്പെടുന്ന സ്കൂൾ ഡിസ്ലെക്സിയ കുട്ടികൾക്കുമായും പ്രവർത്തിച്ചുവരുന്നു. ട്രാവൻകൂർ ഡിസ്ലെക്സിക് അസോസിയേഷന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും (ഐ.എം.എ) പിന്തുണയോടെ ആരംഭിച്ച സ്കൂളിന്റെ ചെയർമാൻ എ. പ്രജിൻ ബാബുവാണ്. നോ ഡിസ്ലെക്സിയ ഹെൽപ് ഡിസ്ലെക്സിയ (ഡിസ്ലെക്സിയെ അറിയൂ സഹായിക്കൂ) എന്ന മുദ്രാവാക്യം ഉയർത്തിക്കാണിക്കുന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സന്ധ്യയും ട്രാവൻകൂർ എഡ്യൂക്കേഷൻ ട്രസ്റ്റ് സെക്രട്ടറി അനാമികയുമാണ്. കൂടാതെ ഗുഡ്വിൽ അംബാസഡറായി ഗായകൻ ജി. വേണുഗോപാലുമുണ്ട്. കഴിഞ്ഞവർഷങ്ങളിൽ 10-ാം ക്ളാസിലും 12-ാം ക്ളാസിലും പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും പാസായി.
ട്രാവൻകൂർ എങ്ങനെ വ്യത്യസ്തമാകുന്നു
ഡിസ്ലെക്സിയ ബാധിതരായ കുട്ടികൾ പഠിക്കുന്ന സ്കൂളിൽത്തന്നെ തുടരണമെന്നാകും സൈക്കോളജിസ്റ്റ് അഭിപ്രായപ്പെടുക. എന്നാൽ തങ്ങളെക്കാൾ പഠിക്കാൻ മിടുക്കരായ കുട്ടികളുടെ സാമീപ്യത്തിൽ ഇവർ അസ്വസ്ഥരാകുകയും ഇവരിൽ അപകർഷത ബോധം ഉടലെടുക്കുകയും ചെയ്യുന്നു. പ്രത്യേക ശ്രദ്ധയും പരിഗണനയും അസാമാന്യക്ഷമയും ഇത്തരം കുട്ടികളെ മുന്നോട്ടുപോകാൻ സഹായിക്കും. എന്നാൽ ധാരാളം കുട്ടികളുള്ള ക്ളാസിൽ ഒന്നോ രണ്ടോ കുട്ടികളെ പ്രത്യേകം പരിഗണിക്കാൻ അദ്ധ്യാപകർക്ക് കഴിഞ്ഞെന്ന് വരില്ല. ഒാരോ കുട്ടിക്കും വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നതിനായി ഒരു അദ്ധ്യാപികയ്ക്ക് ആറ് കുട്ടികൾ എന്ന നിലയ്ക്കാണ് ഇവിടെ ക്ളാസുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ഇൗ സമ്പ്രദായം താരതമ്യേന പഠനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കുട്ടികളുടെ പ്രശ്നങ്ങൾ മനസിലാക്കാനും പരിഹാരം കണ്ടെത്താനും സൈക്കോളജിസ്റ്റിന്റെ സാന്നിദ്ധ്യവും സ്കൂളിൽത്തന്നെ ഒരുക്കിയിട്ടുണ്ട്. ഒപ്പം സ്ഥിരം സ്പീച്ച് തെറാപ്പിസ്റ്റുമുണ്ട്.
വയസിനെ അടിസ്ഥാനപ്പെടുത്തിയല്ല മറിച്ച് പഠനനിലവാരത്തെ ആസ്പദമാക്കിയാണ് അദ്ധ്യാപനം. കൂടാതെ കഴിഞ്ഞ അദ്ധ്യയനവർഷം മുതൽ കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ പുസ്തകങ്ങളാണ് നൽകിയത്. ഡിസ്ലെക്സിയ ബാധിതരായ കുട്ടികളിൽ ഐക്യു വ്യത്യസ്തമായിരിക്കും. കൂടാതെ കാര്യങ്ങൾ അവതരിപ്പിക്കാനും എഴുതാനും വായിക്കാനുമുള്ള പ്രയാസം , പഠിപ്പിക്കുന്ന കാര്യങ്ങൾ മനസിലാക്കാൻ കഴിയുമെങ്കിലും പലപ്പോഴും ഒാർമ്മയിൽ നിൽക്കാതെ വരുക, അവതരിപ്പിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, ആത്മവിശ്വാസക്കുറവ് തുടങ്ങിയവയാണ് പ്രധാന വെല്ലുവിളി. ഇൗ പ്രശ്നങ്ങൾ നേരിടാനും സമൂഹത്തിൽ എങ്ങനെ നന്നായി ഇടപെടണമെന്നുമുള്ള കാര്യങ്ങൾ കളിയിലൂടെയും കഥകളിലൂടെയും കുട്ടികളിലേക്ക് എത്തിക്കാനും അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു. മാത്രമല്ല ആഴ്ചകൾതോറും ഒാരോ കുട്ടിയുടെയും പഠനമൂല്യനിർണയം നടത്തുകയും അതിനെ അടിസ്ഥാനപ്പെടുത്തി മുന്നോട്ടുള്ള ക്ളാസുകൾ ക്രമീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടികളുടെ പഠനനിലവാരം മനസിലാക്കാനും മെച്ചപ്പെടുത്താനും സാധിക്കുന്നു.
കുട്ടികളുടെ ക്രിയാത്മക മികവിനെ കണക്കിലെടുത്ത് നൃത്തം, പാട്ട്, പെയിന്റിംഗ്, സംഗീത ഉപകരണങ്ങൾ, യോഗ, കരാട്ടെ എന്നീ ക്ളാസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ക്ളാസുകളിലൂടെ ഒരുപരിധിവരെ ഇവരുടെ വാശിയും ദേഷ്യവും നിയന്ത്രിക്കാനാവും. ഡിസ്ലെക്സിക് ബാധിതരായ കുട്ടികൾ ഒാരോരുത്തരും വ്യത്യസ്തരാണ്. ഇത് കണക്കിലെടുത്താണ് പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കുന്നത്. ഒരേ നിലവാരമുള്ള രണ്ട് കുട്ടികൾക്ക് ഒരേ ചോദ്യപേപ്പർ എന്നതാണ് രീതി. പതിനാല് വയസാകുമ്പോൾ പത്താംക്ളാസിന് രജിസ്റ്റർ ചെയ്യാം. രണ്ടുവർഷം കൊണ്ട് പത്താംക്ളാസ് എഴുതിയെടുത്താൽ മതിയാകും. ഇതിലൂടെ കുട്ടികളിൽ പരീക്ഷാസമ്മർദ്ദം ഉണ്ടാക്കാതിരിക്കുകയും പഠനഭാരം കുറയ്ക്കാനും സാധിക്കുന്നു. ബുദ്ധിമുട്ടുള്ളവർക്ക് എഴുതാനും വായിക്കാനും പകരം ഒരാളെ ഏർപ്പാട് ചെയ്യുന്ന സ്ക്രൈബ് സംവിധാനവും ലഭ്യമാണ്. കൂടാതെ കുട്ടികൾക്ക് പരീക്ഷാസമയം നീട്ടിക്കൊടുക്കുകയും ചെയ്യുന്നു.
ഡിസ്ലെക്സിയ ഇന്നും സമൂഹത്തിൽ അഭിസംബോധന ചെയ്യപ്പെടാത്തതിന്റെ പ്രധാനകാരണം ഇൗ അവസ്ഥയെപ്പറ്റിയുള്ള അജ്ഞതയാണ്. ഇവിടെയാണ് ബോധവത്കരണത്തിന്റെ ആവശ്യകത. പാവപ്പെട്ട ചുരുക്കം വിദ്യാർത്ഥികളെ സൗജന്യമായി ഇവിടെ പഠിപ്പിക്കുന്നുണ്ട്. വലിയ ചെലവുള്ളതിനാൽ കൂടുതൽ പേർക്ക് സൗജന്യ പഠനം നൽകാനാവില്ല. എന്നാൽ സന്മനസുള്ളവർക്ക് പാവപ്പെട്ട കുട്ടികളെ സ്പോൺസർ ചെയ്യാൻ അവസരമുണ്ടെന്ന് പ്രജിൻബാബു പറയുന്നു.
(ട്രാവൻകൂർ നാഷണൽ സ്കൂൾ ഫോൺ:0471 2353521, 9446302728, 9446322728.)