തിരുവനന്തപുരം : പൊങ്കാലയ്ക്ക് മണിക്കൂറുകൾ ശേഷിക്കേ ഭക്തർ അലകടലായി ആറ്റുകാലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അടുപ്പുകൾ വയ്ക്കാൻ കണ്ണെത്താ ദൂരത്തോളം ഇതിനോടകം ആളുകൾ ഇടം പിടിച്ചുകഴിഞ്ഞു. ഇന്നലെ ഹർത്താൽ ദിവസമായിട്ടും നഗരത്തിൽ അതിന്റെ യാതൊരു പ്രതീതിയും ഉണ്ടായിരുന്നില്ല. ദർശന പുണ്യം തേടി ഇന്നലെയും പതിനായിരങ്ങൾ ദേവീസന്നിധിയിലേക്ക് ഒഴുകിയെത്തി. ഏഴാം ഉത്സവ ദിവസമായ ഇന്നലെ അഭൂതപൂർവമായ തിരക്കാണ് രാവിലെ മുതൽ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. കോവലന്റെ മരണവാർത്ത അറിഞ്ഞ ദേവി കൈലാസത്തിൽ പോയി പരമശിവനിൽ നിന്നു വരം വാങ്ങി കോവലനെ ജീവിപ്പിക്കുന്നതായിരുന്നു ഇന്നലത്തെ തോറ്റംപാട്ട്. ഇതിന്റെ ദുഃഖസൂചകമായി ക്ഷേത്രനട രാവിലെ ഏഴിനാണ് തുറന്നത്. ദർശനത്തിനായുള്ള ക്യൂ ക്ഷേത്ര വളപ്പിന് പുറത്തെത്തി. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന നാളെ പൊങ്കാല അർപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഭക്തർ. അമ്മ വാഴുന്ന കിള്ളിയാറ്റിൻകരയിൽ പൊങ്കാല അർപ്പിക്കാൻ ദൂരസ്ഥലങ്ങളിൽ നിന്നും തലസ്ഥാനത്ത് എത്തിയവർ ബന്ധു വീടുകളിലും ഹോട്ടലുകളിലുമായി ഒരുക്കത്തിലാണ്. ബസുകളിലും ട്രെയിനുകളിലും തിരക്ക് വർദ്ധിക്കുകയാണ്. നഗരത്തിലെ മിക്ക ഹോട്ടലുകളിലും ലോഡ്ജുകളിലും മുറികൾ നിറഞ്ഞു കഴിഞ്ഞു. ആറ്റുകാലിന് സമീപത്തെ ഹോട്ടലുകൾ രണ്ട് ദിവസം മുൻപ് തന്നെ ഭക്തരെ കൊണ്ട് നിറഞ്ഞിരുന്നു.
പൊങ്കാല അർപ്പിക്കാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്
പൊങ്കാലയ്‌ക്കെത്തുന്നവർ പ്രഭാതഭക്ഷണം ഒഴിവാക്കരുത്.
കരിക്കിൻവെള്ളം, മോര്, നാരങ്ങാവെള്ളം എന്നീ പാനീയങ്ങൾ കുടിച്ച് തളർച്ചയും ക്ഷീണവും അകറ്റണം
പൊങ്കാല അടുപ്പുകൾക്കായി ചുടുകട്ടകൾ മാത്രമേ ഉപയോഗിക്കാവൂ
പ്ലാസ്റ്റിക് കവറുകൾ പൂർണമായും ഒഴിവാക്കണം
പൊങ്കാല അർപ്പിക്കാനെത്തുന്നവർ നൈലോൺ ഒഴിവാക്കി കോട്ടൺവസ്ത്രങ്ങൾ മാത്രം ധരിക്കണം
പൊതുവഴികളിലും നടപ്പാതയിൽ പാകിയിരിക്കുന്ന ഓടുകൾക്ക് മുകളിലും അടുപ്പ് വയ്ക്കരുത്
ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി അന്നദാനം നടത്തുന്ന സംഘടനകൾ പ്ലാസിക് ഒഴിവാക്കണം
ഭക്തർ ആഹാരം കഴിക്കാനുള്ള സ്റ്റീൽ പാത്രവും ഗ്ലാസും കരുതണം
പൊങ്കാല തയ്യാറാക്കുന്ന സ്ഥലത്തുവച്ചു തന്നെ നിവേദ്യം നടത്തണം. നിവേദിച്ച ശേഷമേ പൊങ്കാലയുമായി മടങ്ങാവൂ