തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പവകാശത്തിന് കെ.എസ്.ഐ.ഡി.സി, അദാനി ഗ്രൂപ്പ്, ജി.എം.ആർ ഗ്രൂപ്പ് എന്നിവർ രംഗത്ത്.ഡൽഹിയിൽ എയർപോർട്ട് അതോറിറ്റി ടെക്നിക്കൽ ബിഡ് തുറന്നപ്പോഴാണ് ഈ മൂന്ന് ഏജൻസികളാണു തിരുവനന്തപുരത്തിനു വേണ്ടി രംഗത്തുള്ളതെന്നു വ്യക്തമായത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തിനു വേണ്ടി ബിഡിൽ പങ്കെടുക്കാൻ പരിഗണിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) മംഗളൂരു വിമാനത്താവളത്തിനു വേണ്ടി അപേക്ഷ നൽകി.
തിരുവനന്തപുരം ഉൾപ്പെടെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൈമാറാനാണ് എയർപോർട്ട് അതോറിറ്റി ബിഡ് ക്ഷണിച്ചത്. കേന്ദ്ര നീക്കത്തെ ആദ്യം എതിർത്തസംസ്ഥാന സർക്കാർ പിന്നീടു നടത്തിപ്പവകാശത്തിനായി ബിഡിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സിയാലിന്റെ പേരിൽ ബിഡിൽ പങ്കെടുക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീടു തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനിയുണ്ടാക്കി. എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ കെ.എസ്.ഐ.ഡി.സിയുടെ പേരിലാണു ബിഡിൽ പങ്കെടുത്തത്.
സംസ്ഥാന സർക്കാരിന്റെ അഭ്യർഥനപ്രകാരം കെ.എസ്.ഐ.ഡി.സിക്ക് 10% റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം, ഏറ്റവും കൂടുതൽ തുക നിർദേശിക്കുന്നത് മറ്റു രണ്ടു കമ്പനികളാണെങ്കിൽപോലും തുക വർദ്ധിപ്പിക്കാൻ കെ.എസ്.ഐ.ഡി.സിക്ക് അവസരം ലഭിക്കും. കൺസൽറ്റന്റ് ആയി നിയമിച്ച കെ.പി.എം.ജിയുടെയും ലീഗൽ കൺസൽട്ടന്റ് ആയി നിയമിച്ച സിറിൽ അമർചന്ദ് മംഗൾദാസിന്റെയും നിർദേശപ്രകാരമാണു ബിഡ് രേഖകൾ സമർപ്പിച്ചത്.
ജിഎംആറും അദാനിയും ആറു വിമാനത്താവളങ്ങൾക്കു വേണ്ടിയും ബിഡ് സമർപ്പിച്ചിട്ടുണ്ട്.
ന്യൂഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളം ഏറ്റെടുത്തു വികസിപ്പിച്ചത് ജി.എം.ആർ ഗ്രൂപ്പ് ആണ്. അദാനി ആദ്യമായാണു വ്യോമയാന മേഖലയിൽ മുതൽമുടക്കുന്നത്. എ.എം.പി, എൻ.ഐ.ഐ.എഫ്, അറ്റ്ലാൻഷ്യ, പി.എൻ.സി, ഐ ഇൻവെസ്റ്റ്‌മെന്റ്സ് സർന എന്നിവരാണു ബിഡിൽ പങ്കെടുത്ത മറ്റു സ്ഥാപനങ്ങൾ. 25 ന് ഫിനാൻഷ്യൽ ബിഡ് തുറക്കും. അർഹരായ കമ്പനികളെ 28 ന് പ്രഖ്യാപിക്കും.