bus1

വർക്കല: കവാട നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരസഭാ സ്റ്റാൻഡിലേക്ക് ബസുകളെ പ്രവേശിപ്പിക്കാത്തതിനെത്തുടർന്ന് വർക്കല റെയിൽവേ സ്‌​റ്റേഷന് മുന്നിൽ ഗതാഗതകുരുക്ക് പതിവായി. റെയിൽവേ സ്റ്റേഷന് മുൻവശത്തെ റോഡിൽ ബസുകളും മറ്റ് വാഹനങ്ങളും കൂട്ടമായി നിറുത്തിയിടുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. ബസ് സ്റ്റാൻഡിന് മുന്നിൽ കവാടം നിർമിക്കുന്ന ജോലി തുടങ്ങിയതോടെ റെയിൽവേ സ്റ്റേഷന് എതിർവശത്ത് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായി റോഡരികിലാണ് ബസുകളെല്ലാം നിറുത്തിയിടുന്നത്. അഞ്ചോളം ബസുകൾ നിർത്തിയിടാനുള്ള സ്ഥലം മാത്രമാണിവിടെയുള്ളത്. തീവണ്ടി യാത്രക്കാരുടെ വാഹനങ്ങളുടെ പാർക്കിംഗ് കാരണം ഗതാഗതം കുരുങ്ങുന്ന ഭാഗത്ത് ബസുകളുൾപ്പെടെയുള്ള വലിയ വാഹനങ്ങളും കൂടിയെത്തിയതോടെ ഇതുവഴി യാത്ര ദുസഹമായിട്ടുണ്ട്. ദിവസവും 300 ഓളം ബസുകൾ വന്നുപോകുന്ന സ്റ്റാൻഡിൽ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും പകരം സംവിധാനമൊന്നും ഒരുക്കിയില്ല. ബസ് സ്റ്റാൻഡിനുള്ളിൽ 35 ​ഓളം ഓട്ടോകളുള്ള സ്റ്റാൻഡ് പണി തുടങ്ങിയതോടെ റോഡിലേക്ക് മാറ്റി. റെയിൽവേ സ്‌​റ്റേഷന് മുന്നിൽ 10 ഓട്ടോകൾ ഇടാനുള്ള സ്ഥലം മാത്രമാണുള്ളത്. മറ്റ് ഓട്ടോകൾ സമീപത്തെ ഗ്രൗണ്ടിലും മറ്റുമാണ് കൊണ്ടിടുന്നത്. തീവണ്ടി യാത്രക്കാരുടെ വാഹനങ്ങൾ റിസർവേഷൻ കൗണ്ടറിന് മുന്നിൽ റോഡരികിലും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടിലുമെല്ലാം തോന്നിയപടിയാണ് പാർക്ക് ചെയ്യുന്നത്. കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർ വർഷങ്ങളായി ബുദ്ധിമുട്ടനുഭവിക്കുന്ന ഭാഗത്താണ് വലിയ വാഹനങ്ങളും പാർക്കിംഗിനായി എത്തിയത്. ഇതോടെ റോഡിന് സമീപം താമസിക്കുന്നവരും വാഹനം റോഡിലേക്കിറക്കാൻ ബുദ്ധിമുട്ടുന്നു. സ്‌​റ്റേഷന് മുന്നിൽ ബസുകൾ തോന്നിയപടി നിർത്തിയാണ് ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ട്രാഫിക് പൊലീസുണ്ടെങ്കിലും തിരക്കുള്ള സമയം ഗതാഗതം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. കവാടത്തിന്റെ പണി രണ്ടാഴ്ചക്കകം പൂർത്തീകരിച്ച് ബസ് സ്റ്റാൻഡ് തുറന്നുകൊടുക്കുമെന്നാണ് നഗരസഭാ നേതൃത്വം പറയുന്നത്.