സംഘർഷമുണ്ടാക്കാൻ ശ്രമിച്ചത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ
പൂഞ്ഞാർ : മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മകനെ അടിക്കുന്നത് തടയാനെത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. പൂഞ്ഞാർ മതിയത്ത് രാഘവൻ (65) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കാവടി ഘോഷയാത്ര ക്ഷേത്രകവാടത്തിലെത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. പെരിങ്ങളത്തു നിന്നെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മേളക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ടു . ഇത് രാഘവന്റെ മകനും യൂത്ത്മൂവ്മെന്റ് സെക്രട്ടറിയുമായ പ്രകാശന്റെ നേതൃത്വത്തിലുള്ള വോളന്റിയർമാർ തടയാൻ ശ്രമിച്ചു. ഇതിനിടെയാണ് പ്രകാശന് അടിയേൽക്കുന്നത്. വിവരമറിഞ്ഞെത്തിയ രാഘവൻ മകനെ രക്ഷിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗവും പൂഞ്ഞാർ ശാഖാ പ്രസിഡന്റും ബി.ഡി.ജെ.എസ് നിയോജകം മണ്ഡലം പ്രസിഡന്റും സി.കെ.എം സ്കൂൾ അദ്ധ്യാപകനുമായ എം.ആർ ഉല്ലാസ് രാഘവന്റെ മറ്റൊരു മകനാണ്. ഭാര്യ : രത്നമ്മ രാഘവൻ. മരുമക്കൾ : സൗമ്യ ഉല്ലാസ്, ജ്യോതി ലക്ഷ്മി പ്രകാശ്.