hack

തിരുവനന്തപുരം: നേതൃത്വം തള്ളിപ്പറഞ്ഞെങ്കിലും, ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെയുണ്ടായ കാസർകോട്ടെ ഇരട്ടക്കൊലപാതകം സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇടതു മുന്നണിയുടെ തെക്കൻ,​ വടക്കൻ മേഖലാ ജാഥകൾ ആരംഭിച്ചതിനു തൊട്ടുപിറകേയുണ്ടായ സംഭവം ജാഥകളുടെ ലക്ഷ്യത്തെയും വഴിതെറ്റിക്കുമെന്ന ആശങ്ക ഇടത് നേതൃത്വത്തിനുണ്ട്. ജാഥയുടെ ഇന്നലത്തെ പര്യടനം ഒഴിവാക്കേണ്ടിയും വന്നു.

കൊലപാതകത്തെച്ചൊല്ലി ഘടകകക്ഷികളിൽത്തന്നെ അമർഷം ശക്തമാണ്. വകതിരിവില്ലാത്തവരുടെ ഭാഗത്ത് തിരുത്തലുണ്ടാവണമെന്ന സി.പി.ഐ മന്ത്രി ഇ.ചന്ദ്രശേഖരന്റെ പ്രതികരണം ഇതു വ്യക്തമാക്കുന്നു. അക്രമത്തിൽ മുഖ്യമന്ത്രി പോലും അമർഷത്തിലാണെന്നാണ് സൂചന. സർക്കാർ ആയിരം ദിവസത്തെ വികസനനേട്ടങ്ങൾ ആഘോഷമാക്കുന്നതിനിടെയുണ്ടായ സംഭവം ആ നിലയ്ക്കും ക്ഷീണമുണ്ടാക്കി.

തൃശൂരിലെ പൊതുപരിപാടികൾ റദ്ദാക്കി തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി ഇന്നലെ എ.കെ.ജി സെന്ററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഒരു മണിക്കൂറോളം ചർച്ച നടത്തി. അക്രമത്തിനു പിന്നിൽ പ്രാദേശിക സി.പി.എം പ്രവർത്തകർ തന്നെയാണെന്ന് തനിക്ക് ഇന്റലിജന്റ്സ് റിപ്പോർട്ട് ലഭിച്ചെന്നും, അക്രമത്തെ തള്ളിപ്പറയുന്നതാണ് ഉചിതമെന്നും കോടിയേരിയെ മുഖ്യമന്ത്രി ധരിപ്പിച്ചതായാണ് വിവരം. കൊലയ്‌ക്കു പിന്നിൽ പ്രവർത്തിച്ചവർക്ക് പാർട്ടി തലത്തിൽ ഒരു സംരക്ഷണവും നൽകരുതെന്ന് മുഖ്യമന്ത്രി നി‌ർദേശിച്ചതായും സൂചനയുണ്ട്.

ഇതേത്തുടർന്നാണ് അക്രമത്തെ തള്ളിപ്പറഞ്ഞും അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും കോടിയേരിയുടെ പ്രതികരണമുണ്ടായത്. രാഷ്ട്രീയധാരണയില്ലാത്ത ആളുകൾക്കേ എതിരാളികളെ സഹായിക്കുന്ന തരത്തിൽ ഈ ഘട്ടത്തിൽ ഇത്തരമൊരു സംഭവം നടത്താൻ കഴിയൂ എന്ന കോടിയേരിയുടെ പ്രതികരണവും ശ്രദ്ധേയമാണ്.

അരിയിൽ ഷുക്കൂർ വധക്കേസിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എൽ.എയ്ക്കുമെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചതിനെതിരെ രാഷ്ട്രീയഗൂഢാലോചന ആരോപിച്ച് പ്രതിരോധിക്കാൻ സി.പി.എം ഒരുങ്ങുന്നതിനിടെയാണ് പുതിയ പ്രതിസന്ധി.

ശബരിമല യുവതീപ്രവേശന വിവാദത്തിൽ എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകൾ നേതൃത്വം നൽകിയ പ്രതിഷേധം തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നത് രാഷ്ട്രീയനേതൃത്വങ്ങളിൽ ആകാംക്ഷയുണർത്തുന്നുണ്ട്. വിശ്വാസത്തിന്റെ പേരിലുള്ള രാഷ്ട്രീയധ്രുവീകരണ നീക്കത്തെ നവോത്ഥാന മൂല്യസംരക്ഷണ സമിതി രൂപീകരിച്ചും വനിതാ മതിലൊരുക്കിയും മറ്റും മറികടക്കാൻ ശ്രമിച്ച സി.പി.എമ്മും ഇടതു നേതൃത്വവും വികസനപരിപാടികളുയർത്തി അതിനപ്പുറമുള്ള രാഷ്ട്രീയനേട്ടം ലക്ഷ്യമിടുകയുമാണ്.

ഈ ഘട്ടത്തിൽ രാഷ്ട്രീയ കൊലപാതകങ്ങളുണ്ടാകുന്നത് സൃഷ്ടിക്കുന്ന പ്രതിച്ഛായാനഷ്ടം ചെറുതല്ല. പ്രചാരണത്തിനായി കേരളത്തിലെത്തുന്ന മറ്റു പാർട്ടികളുടെ ദേശീയ നേതാക്കൾ രാഷ്ട്രീയ ആക്രമണങ്ങൾ മുഖ്യവിഷയമാക്കി സി.പി.എമ്മിനെ പ്രതിക്കൂട്ടിൽ നിറുത്തുമെന്നതും പാർട്ടി കണക്കുകൂട്ടുന്നു.