medico

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആദ്യമായി, കാൽ മുറിച്ചുമാറ്റൽ ശസ്ത്രക്രിയാ വേളയിൽത്തന്നെ കൃത്രിമക്കാൽ വച്ചുപിടിപ്പിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് നേട്ടത്തിന്റെ പുതിയ അദ്ധ്യായമെഴുതി.

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയായ കോട്ടപ്പുറം ശാലിനി നിവാസിൽ സേസയ്യനിലാണ് (50) ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഇമ്മീഡിയറ്റ് പോസ്റ്റ് ഓപ്പറേറ്റീവ് ഫിറ്റ്‌മെന്റ് ഒഫ് പ്രോസസ് ചികിത്സാരീതി വിജയകരമായി നിർവഹിച്ചത്. പ്രമേഹത്തെ തുടർന്ന് മുട്ടിനു താഴെ വലതു കാൽ മുറിച്ചുമാറ്റേണ്ടി വന്ന സേസയ്യൻ ശസ്ത്രക്രിയയുടെ രണ്ടാംദിവസം കൃത്രിമക്കാലിൽ നിവർന്നുനിന്നു. അഞ്ചാം ദിവസം നടക്കുകയും ചെയ്തു.

മുട്ടിനു താഴെ കാൽ മുറിച്ചുമാറ്റുന്ന രോഗിയിൽ ശരീരഭാരം മുറിവുള്ള ഭാഗത്ത് കേന്ദ്രീകരിക്കാതെ മുട്ടിലും തുടഭാഗത്തേക്കും വീതിച്ചു നൽകുന്ന വിധത്തിൽ കൃത്രിമക്കാൽ വച്ചുപിടിപ്പിക്കുന്ന സംവിധാനമാണ് ഇത്. ശസ്ത്രക്രിയാനന്തരം മുറിവ് തുന്നിച്ചേർത്ത്, പാഡ് വച്ചശേഷം പ്ലാസ്റ്റർ ഒഫ് പാരീസിൽ സോക്കറ്റ് നിർമ്മിച്ച് അതിനു മുകളിൽ കൃത്രിമക്കാൽ വയ്ക്കുകയാണ് രീതി. സാധാരണയായി കൃത്രിമക്കാൽ വച്ചുപിടിപ്പിക്കാൻ ശസ്ത്രക്രിയയുടെ മുറിവ് ഉണങ്ങുന്നതുൾപ്പെടെ രണ്ടുമാസമെങ്കിലും വേണം.

പ്രമേഹബാധിതനായ സേസയ്യന്റെ വലതു പാദം വിരലിനോടു ചേർന്ന് നേരത്തെ മുറിച്ചുമാറ്റിയിരുന്നെങ്കിലും പഴുപ്പ് മുകളിലേക്കു പടർന്നതിനാലാണ് മുട്ടുവരെ നീക്കംചെയ്യേണ്ടിവന്നത്. സൗജന്യമായായിരുന്നു സേനയ്യന്റെ ശസ്ത്രക്രിയ.

ഡോക്‌ടർമാരായ ശെൽവൻ, ജോർജ് സക്കറിയ, ജിജോ വർഗീസ്, റബേക്ക, പത്മ പ്രിയദർശിനി, പ്രീതി ജോബിൻ, പ്രീനു, ജയകുമാർ എന്നിവ‌ർക്കൊപ്പം ആർട്ടിഫിഷ്യൽ ലിംബ് സെന്റർ എൻജിനീയർ ശ്രീകാന്തും ചരിത്രനേട്ടത്തിൽ പങ്കാളികളായി.