wats-ap

കിളിമാനൂർ: പത്ര മാദ്ധ്യമങ്ങളിലൂടെ പുറംലോകത്തെത്തിയ അർച്ചനയുടെയും ആർച്ചയുടെയും കഥനകഥ കണ്ട വാട്സ് ആപ്പ് കൂട്ടായ്മ സഹായഹസ്തവുമായെത്തി. അദ്ധ്യാപകരും ഇതരസർക്കാർ ഉദ്യോഗസ്ഥരും കവികളും പൊതുപ്രവർത്തകരുമൊക്കെയടങ്ങുന്ന 'കൂട്ടമണി ' എന്ന വാട്സ് ആപ്പ് കൂട്ടായ്മ ഇരുവർക്കുമായി 70,000 രൂപ സമാഹരിച്ചുനൽകി. കഴിഞ്ഞദിവസം അംഗങ്ങൾ വീട്ടിലെത്തി പണം അക്കൗണ്ടിൽ നിക്ഷേപിച്ചതിന്റെ രസീത് കൈമാറി. കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്തും ഒമ്പതുംക്ലാസിലെ വിദ്യാർത്ഥികളാണ് ആർച്ചയും അർച്ചനയും. അടുത്തിടെയാണ് അജ്ഞാത വാഹനമിടിച്ച് പിതാവ് സജീവ്കുമാർ മരണപ്പെട്ടത്. അമ്മ ഷീജകുമാരിക്ക് ശാരിരികമായ അസുഖം മൂലം ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇതോടെ വിദ്യാർത്ഥിയായിരുന്ന മൂത്തമകൻ അഖിൽ പഠനം ഉപേ ക്ഷിച്ച് കൂലിവേലക്കിറങ്ങി. കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപത്തായി ചാരുപാറ കുന്നിൻമുകളിൽ ഒരുകൊച്ചു കുടിലിലാണ് ഇവർ അന്തിയുറങ്ങുന്നത്. പഠനത്തിൽ മിടുക്കരാണ്. കിളിമാനൂർ റോട്ടറി ക്ലബ് ഇവർക്ക് വീടുവച്ച് നൽകാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തി. വീട് നിർമ്മിക്കാനായി കിളിമാനൂർ സ്വദേശിയായ ഡോ. മുരളീധരൻ പാപ്പാലയിൽ അഞ്ച് സെന്റ് സ്ഥലവും നൽകി. പ്രതികൂ ലസാഹചര്യത്തിലും പoനത്തോട് താത്പര്യമുള്ള രണ്ട് പെൺകുട്ടികളെ ചെറുതായെങ്കിലും സഹായിക്കുകയെന്നത് തങ്ങളുടെ കൂടി കടമയാണെന്ന് കൂട്ടമണി വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ യുവകവിയും അദ്ധ്യാപകനുമായ മടവൂർ കൃഷ്ണൻകുട്ടി കേരള കൗമുദിയോട് പറഞ്ഞു. കഴിഞ്ഞദിവസം ചാരുപാറയിലെ വീട്ടിലെത്തിയ കൂട്ടായ്മയിൽ മടവൂർ കൃഷ്ണൻകുട്ടി ,പോങ്ങനാട് മനു, ബിനു മടവൂർ, അദ്ധ്യാപകരായ ഷിബു, ഗീത, സിനിജ, ബിന്ദു, രതീഷ് പോങ്ങനാട് എന്നിവർ സംബന്ധിച്ചു.