ശ്രീകാര്യം: ജനസാഗരത്തിൽ ആറാടി ചെല്ലമംഗലം പകൽപ്പൂരം ആവേശക്കൊടുമുടികയറി. ശ്രീകാര്യം ചെല്ലമംഗലം ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ ഏഴു ഗജവീരന്മാർ അണിനിരന്ന പൂരഘോഷയാത്രയാണ് നാടിനെ തൊട്ടുണർത്തിയത്. പാമ്പാടി രാജൻ, മംഗലാംകുന്ന് അയ്യപ്പൻ, ചെർപ്പുളശേരി അനന്ദപത്മനാഭൻ, പനയനാർകാവ് കാളിദാസൻ, കാണാവിള ശിവനാരായണൻ, പുത്തൻകുളം അർജ്ജുനൻ, പുത്തൻകുളം അനന്ദപത്ഭനാഭൻ എന്നീ തലയെടുപ്പുള്ള കേരളത്തിലെ ഗജകേസരികളാണ് പകൽപ്പൂരത്തിൽ അണിനിരന്നത്. ഇന്നലെ വൈകിട്ട് 3.30 ന് കരിയം ജംഗ്‌ഷനിൽ ഗജവീരന്മാരെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കുകയായിരുന്നു. ക്ഷേത്രത്തിലെത്തി തലയെടുപ്പോടെ നിന്ന ഏഴു ഗജകേസരികൾ പൂരാഘോഷത്തിന് മികവേകി. ഘോഷയാത്രയ്ക്ക് അകമ്പടിയായി മുത്തുക്കുടകൾ, സ്പെഷ്യൽ ചെണ്ടമേളം, സ്പെഷ്യൽ നാഗസ്വരം, പഞ്ചവാദ്യവും പാണിവാദ്യവും, ശിങ്കാരിമേളങ്ങളും തെയ്യം, തിറ, പടയണി, വലിയ പൂക്കാവടി, ജണ്ടുകാവടി, കളിയാട്ടം, മയൂരനൃത്തം, വിളക്കാട്ടം, പഞ്ചാബി നൃത്തം, തംബോല, നാസിക് ഡോൾ, നെയ്യാണ്ടിമേളം തുടങ്ങിയവ ഘോഷയാത്രയ്ക്കൊപ്പം അണിനിരന്നപ്പോൾ റോഡിനിരുവശവും കാണികൾ തിങ്ങിനിറഞ്ഞിരുന്നു. ഘോഷയാത്രയ്ക്ക് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ജി.സോമദത്തൻ, സെക്രട്ടറി അജിത്ത് ബി. മേടവിള, ആർ. സുരേന്ദ്രൻ, പി. അനിൽകുമാർ, എസ്. സുരേഷ്, പി. ബിജുകുമാർ, ജി. കൃഷ്ണൻ വട്ടവിള, ഉത്സവ കമ്മിറ്റി കൺവീനർ പി. മനോജ്, പി. സുരേഷ്‌കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.