തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ നഗരസഭയുടെ നേതൃത്വത്തിൽ പൊലീസിന്റെ സഹായത്തോടെ പൊളിച്ചുമാറ്റി. രാത്രി 11.30ഓടെയാണ് മുന്നറിയിപ്പ് കൂടാതെ നഗരസഭാ അധികൃതരെത്തി പന്തലുകൾ നീക്കിയത്. എട്ടോളം സമരപ്പന്തലുകളാണ് ഇത്തരത്തിൽ നീക്കം ചെയ്‌തത്. ഒരു മണിക്കൂർ നീണ്ടുനിന്ന ഒഴിപ്പിക്കലിൽ പിന്മാറാൻ വിസമ്മതിച്ചവരെ ബലം പ്രയോഗിച്ച് മാറ്റി. സഹോദരന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് രണ്ട് വർഷമായി സമരം തുടരുന്ന ശ്രീജിത്ത്, അരിപ്പ ഭൂസമര സമിതി, കെ.എസ്.ആർ.ടി.സി എംപാനൽ ജീവനക്കാരുടെ സമരപ്പന്തൽ തുടങ്ങിയവയാണ് നീക്കം ചെയ്തത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ ഒഴിപ്പിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുള്ളതിനാൽ ഇവ പൊളിച്ചുമാറ്റുന്നതിൽ തെറ്റില്ലെന്നാണ് നഗരസഭയുടെ വാദം. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള വൃത്തിയാക്കലിന്റെ ഭാഗമാണിതെന്നാണ് അധികൃതർ പറയുന്നു. പകൽസമയം തിരക്ക് കൂടുതലായതിനാലാണ് രാത്രി ഒഴിപ്പിച്ചതെന്ന് നഗരസഭ ഉദ്യോഗസ്ഥർ അറിയിച്ചു. ഏകദേശം ആറുലോഡ് വസ്‌തുക്കളാണ് പൊളിച്ച പന്തലുകളിൽ നിന്നും മാറ്റിയത്.
സംഘർഷം, സമരം തുടരാൻ തീരുമാനിച്ച് സമരക്കാർ
ശ്രീജിത്തിന്റെ സാധനങ്ങളും സമരപ്പന്തലും പൊളിച്ചുമാറ്രുമ്പോൾ സംഭവമറിഞ്ഞെത്തിയ യുവാക്കൾ തടയാൻ ശ്രമിച്ചത് പൊലീസുമായുള്ള സംഘർഷത്തിനിടയാക്കി. അരിപ്പ ഭൂസമരപ്പന്തലിലെ സമരക്കാർ സ്വമേധയാ സാധനങ്ങൾ മാറ്റാൻ തയ്യാറായി. എന്നാൽ ഫ്ലക്‌സ് ഉൾപ്പെടെയുള്ളവ മാറ്റാൻ ശ്രീജിത്ത് തയ്യാറായില്ല. പൊളിക്കാൻ ശ്രമിച്ച നഗരസഭാജീവനക്കാരെ ചിലർ തടയാൻ ശ്രമിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. പിന്നീട് ശ്രീജിത്തിന്റെ പന്തൽ പൊളിച്ച് വാഹനത്തിൽ കയറ്റി. ഓടിച്ചു പോയ നഗരസഭയുടെ വാഹനത്തിൽ ശ്രീജിത്ത് ചാടിക്കയറുകയും പൊളിച്ച വസ്തുക്കൾ റോഡിലേക്ക് എറിയുകയുംചെയ്‌തു. പിന്നീട് വാഹനം നിറുത്തി ശ്രീജിത്തിനെ പോലീസ് ബലം പ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു. 12.30ഓടെ കന്റോണ്‍മെന്റ് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവിടെകൂടിനിന്നവരെ മാറ്റി.
മുന്നറിയിപ്പ് നൽകിയിരുന്നെന്ന് നഗരസഭ,
ഇല്ലെന്ന് സമരക്കാർ
ഒരാഴ്ചയിക്കിടെ സമരസ്ഥലത്ത് നിന്ന് മാറിപ്പോകണമെന്ന് അറിയിച്ചിരുന്നതായി നഗരസഭ പറയുന്നു. എന്നാൽ തങ്ങളോട് ഇതേക്കുറിച്ച് പറഞ്ഞിട്ടില്ലെന്നാണ് സമരക്കാർ പറയുന്നത്. എല്ലാ വർഷവും ഇത്തരത്തിൽ വൃത്തിയാക്കലുകൾ നടക്കുന്നതാണ്. സമരപ്പന്തലുകളിൽ മദ്യപാനം നടക്കുന്നതായി നഗരസഭ ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും നീക്കം ചെയ്‌ത വസ്‌തുക്കളിൽ മദ്യക്കുപ്പികളുണ്ടെന്നും നഗരസഭആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.