കൊച്ചി: ചെറിയ പലിശയ്ക്ക് ഉയർന്ന തുക വായ്പ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആറ് മലയാളികളിൽ നിന്ന് 25 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം വഴിത്തിരിവിൽ. പണമിടപാടിന്റെയും തട്ടിപ്പിന്റെയും മുഖ്യസൂത്രധാരൻ മറ്റൊരു അജ്മീർ സ്വദേശിയെന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്കായി കൊച്ചി സിറ്റി പൊലീസിലെ ഒരു സംഘം അജ്മീറിൽ തമ്പടിച്ച് അന്വേഷണം തുടരുകയാണ്. അജ്മീർ പൊലീസും സഹായത്തിനുണ്ട്. മുഖ്യപ്രതിയുടെ പേര് വിവരങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അതേസമയം, കേസിൽ നേരത്തെ അറസ്റ്റിലായ രാജസ്ഥാൻ അജ്‌മീർ ശാസ്ത്രി നഗർ സ്വദേശി ത്രിലോക് കുമാർ പരിഹാർ (30) ക്യാപിറ്റൽ സൊലൂഷൻസ് ആൻഡ് കൺസൾട്ടന്റ്‌സ് എന്ന തട്ടിപ്പ് കമ്പനിയുടെ മാനേജർ മാത്രമാണെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിന്റെ സൂത്രധാരനും പണമിടപാടുകൾ നിയന്ത്രിച്ചിരുന്നതും പൊലീസ് അന്വേഷിക്കുന്ന അജ്മീർ സ്വദേശിയാണ്. എന്നാൽ, ത്രിലോകിന് തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ത്രിലോക് കുമാർ റിമാൻഡിലാണ്. ഇയാളെ നാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കേസിൽ സ്ഥാപനത്തിന്റെ റീജിയണൽ മാനേജർ, കമ്പനി ഓഫിസർ എന്നിവരും പ്രതികളാണ്.
ഒമ്പത് ബാങ്ക് അക്കൗണ്ട്
ത്രിലോക് കുമാറിന് ഒമ്പത് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ഇതിൽ രണ്ട് അക്കൗണ്ട് മാത്രമാണ് പൊലീസിന് തുറന്ന് പരിശോധിക്കാനായത്. ഈ അക്കൗണ്ടുകളിൽ രണ്ട് കോടി രൂപ കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്ന അക്കൗണ്ടുകൾ ഇന്ന് പരിശോധിക്കും. അതേസമയം, റിസർവ് ബാങ്കിന്റെ യാതൊരു ലൈസൻസുമില്ലാതെയാണ് അജ്മീറിൽ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി എന്നാണ് ഇവർ ഇടപാടുകാരെ ധരിപ്പിച്ചിരുന്നത്. ത്രിലോക് കുമാറിന് ആഡംബര കാറുകളുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.സംസ്ഥാനത്ത് 10 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സംശയിക്കുന്നത്.
തട്ടിപ്പിന്റെ രീതി
ആദ്യം തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ നൽകാൻ ആവശ്യപ്പെടും. പിന്നീട് നിശ്ചിത തുക ബാങ്കിംഗ് സർവീസ് ചാർജായി അടയ്ക്കണമെന്ന് അറിയിക്കും. ഇങ്ങനെ നൽകുന്ന തുക തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. ഏഴ് ശതമാനം പലിശ വരെ വാഗ്ദാനം ചെയ്താണ് ഇവർ ആളുകളെ ആകർഷിച്ചിരുന്നത്. കൊച്ചിയിലെ ഒരു പ്രമുഖ വ്യവസായിയും സംഘത്തിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. 10 ലക്ഷം രൂപയാണ് വ്യവസായിക്ക് നഷ്ടപ്പെട്ടത്. 20 കോടി രൂപയുടെ വായ്പ തരപ്പെടുത്തി നൽകാമെന്നു വിശ്വസിപ്പിച്ച്, 40 ലക്ഷം രൂപയാണ് സർവീസ് ചാർജ് ആവശ്യപ്പെട്ടത്. അഞ്ച് കോടി രൂപയ്ക്ക് മുകളിൽ മാത്രമേ സ്ഥാപനം ഇടപാട് നടത്തൂ എന്നാണ് അറിയിച്ചിരുന്നത്.
നിരവധിപ്പേർ തട്ടിപ്പിനിരയായി
ക്യാപിറ്റൽ സൊലൂഷൻസ് ആൻഡ് കൺസൾട്ടന്റ്‌സ് എന്ന സ്ഥാപനത്തിന്റെ മറവിൽ പ്രതികൾ നിരവധിപേരെ കബളിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പരാതിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലാണ് ഇവർ അധികവും തട്ടിപ്പ് നടത്തിയിട്ടുള്ളത്.
ജെ. ഹിമേന്ദ്രനാഥ്, ഡി.സി.പി, കൊച്ചി