തിരുവനന്തപുരം: അപരാധങ്ങൾ ഏറ്റുപറഞ്ഞും പ്രായശ്ചിത്തം ഇരന്നും ആത്മ സമർപ്പണത്തിനായി അട്ടക്കുളങ്ങര വനിതാ ജയിലിൽ തടവുകാരും ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കും. ജയിൽ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമൊപ്പം ജയിൽവളപ്പിലാണ് പൊങ്കാല സമർപ്പണം. അറുപതോളം തടവുകാരുള്ള ഇവിടെ തടവുകാരുടെ പ്രതിനിധിയായി ആറോളം പേർക്കാണ് പൊങ്കാല ഇടാൻ അവസരം നൽകുക. ജയിൽമേധാവിയുടെ അനുമതി തേടി സൂപ്രണ്ട് മുഖാന്തിരം ഇവർ സമർപ്പിച്ച അപേക്ഷകളിൽ ഇന്ന് തീരുമാനമെടുക്കും. കൊലക്കേസുകളിലും അബ്കാരി കുറ്റകൃത്യങ്ങളിലും ശിക്ഷിക്കപ്പെട്ടവരുൾപ്പെടെ ഒരു ഡസനോളം പേരാണ് പൊങ്കാല സമർപ്പണത്തിന് അനുമതി തേടിയത്.

വർഷങ്ങളായി ആറ്റുകാൽ പൊങ്കാല ദിവസം ജയിൽ ജീവനക്കാർക്കൊപ്പം തടവുകാരുടെ പ്രതിനിധികൾക്കും പൊങ്കാല സമർപ്പിക്കാൻ അവസരം നൽകാറുണ്ട്. ജയിൽ കോമ്പൗണ്ടിൽ പ്രത്യേക സ്ഥലത്താണ് കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ പൊങ്കാല ഇടുന്നത്. പൊങ്കാലയ്ക്കുളള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്ന് ജയിൽ സൂപ്രണ്ട് വല്ലി അറിയിച്ചു. പൊങ്കാലയ്ക്കൊപ്പം ജയിൽ കോമ്പൗണ്ടിന് പുറത്ത് പൊങ്കാല സമർപ്പണത്തിനെത്തുന്ന ഭക്തർക്ക് ജയിൽ ജീവനക്കാരുടെ വകയായി അന്നദാനവും നടക്കും. ജീവനക്കാരുടെ കൂട്ടായ്മയാണ് അന്നദാനം സംഘടിപ്പിക്കുക.