തിരുവനന്തപുരം: പൊങ്കാലയടുപ്പുകളിൽ നാളെ പ്രാർത്ഥനകൾ തിളച്ചുതൂകുന്ന ദിനം. ആറ്റുകാൽദേവിയ്ക്ക് നിവേദ്യങ്ങളുമായി ദശലക്ഷക്കണക്കിന് സ്ത്രീകൾ നാളെ നഗരത്തിന്റെ വിവിധയിടങ്ങളിൽ പൊങ്കാലയർപ്പിക്കും. കണ്ണകീചരിതം പൂർണമാകുന്നതോടെ നാളെ രാവിലെ 9.45-ന് പുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകൾക്കു തുടക്കമാകുന്നത്.
തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് പകർന്നു കൈമാറുന്ന ദീപത്തിൽ നിന്ന് മേൽശാന്തി വിഷ്ണു നമ്പൂതിരിയാണ് വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിക്കുക. സഹമേൽശാന്തി ചെറിയ തിടപ്പള്ളിയിലെ അടുപ്പ് തെളിക്കും.
ഇവിടെനിന്ന് 10.15ന് പണ്ടാരയടുപ്പിലേക്ക് തീ പകരും. ഇതോടെ അനന്തപുരിയിൽ അങ്ങോളമിങ്ങോളും പൊങ്കാലയുടെ നിറവ്. ചെണ്ടമേളം മുറുകവേ, പൊങ്കാലത്തുടക്കമറിയിച്ച് വെടിക്കെട്ട് മുഴങ്ങും. ആകാശവും വായുവും അഗ്നിയും വെള്ളവും മണ്ണും ചേർന്ന പഞ്ചഭൂതങ്ങളെ സാക്ഷിയാക്കി, മൺകലങ്ങളിൽ തിളയ്ക്കുന്ന പെങ്കാല ആറ്റുകാലമ്മയ്ക്കുള്ള പ്രാർത്ഥനാ നൈവേദ്യമാകും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദിക്കുന്നത്. ക്ഷേത്രം ട്രസ്റ്റ് ചുമതലപ്പെടുത്തിയ 250-ഓളം പൂജാരിമാർ പൊങ്കാലക്കലങ്ങളിൽ ദേവിയുടെ അനുഗ്രഹതീർത്ഥം തളിക്കുന്നതോടെ പ്രാർത്ഥനാച്ചൂടിൽ ഉരുകിയൊലിച്ച സ്ത്രീമനസുകൾക്ക് അനുഗ്രഹത്തിന്റെ നനവ്.
ഇത്തവണ 40 ലക്ഷത്തോളം സ്ത്രീകൾ പൊങ്കാലയിടാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിന്റെ എട്ട് കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരക്കും. രാത്രി 7.30-നാണ് കുത്തിയോട്ടത്തിനു ചൂരൽക്കുത്ത്. പുറത്തെഴുന്നള്ളത്ത് 11.15-ന്.