കൊല്ലം: കേരള യൂണിവേഴ്സിറ്റിയുടെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ഓപ്പൺ കോഴ്സിന്റെ രഹസ്യമൂല്യനിർണയം പരസ്യമായി! സാധാരണ കേന്ദ്രീകൃത രീതിയിലാണ് മൂല്യനിർണയം നടത്തിവരുന്നത്. എന്നാൽ ഇത്തവണ മൂല്യനിർണയം അതത് കോളേജുകളിലെ അദ്ധ്യാപകർ തന്നെ നടത്തിയാൽ മതിയെന്നാണ് യൂണിവേഴ്സിറ്റി പ്രിൻസിപ്പൽമാർക്ക് രഹസ്യ നിർദ്ദേശം നൽകിയത്.
മാത്രമല്ല, അതത് കോളേജുകളിലെ ഓപ്പൺ കോഴ്സ് പേപ്പറുകൾ പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് തന്നെ യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രിൻസിപ്പൽ മുഖേന പേപ്പറുകൾ വീതിച്ച് നൽകുകയും ചെയ്തിട്ടുണ്ട്. ഇതോടെ അദ്ധ്യാപകർക്ക് താത്പര്യമുള്ള കുട്ടികൾക്ക് വാരിക്കോരി മാർക്ക് കൊടുക്കാനും (പരമാവധി 80 മാർക്ക്) താത്പര്യമില്ലാത്ത കുട്ടികളോട് ശത്രുത കാണിക്കാനുമുള്ള അവസരം ഉണ്ടാവുമെന്നാണ് ആക്ഷേപം.
ഫാൾസ് നമ്പർ നൽകി മൂല്യനിർണയം നടത്തുന്ന സാധാരണ രീതിയിൽ നിന്ന് മാറ്റിയുള്ള പുതിയ രീതി മൂല്യനിർണയത്തിന്റെ സുതാര്യത ഇല്ലാതാക്കുമെന്ന് അദ്ധ്യാപകർക്കിടയിൽ തന്നെ വിമർശനം ഉയർന്നിട്ടുണ്ട്.