തിരുവനന്തപുരം: പൊങ്കാലയർപ്പിക്കാനെത്തുന്നവർക്ക് കുടിവെള്ളവും ഉച്ചഭക്ഷണവും വിവിധ സന്നദ്ധസംഘടനകളും ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും ആരാധനാലയങ്ങളും ഒരുക്കിയിട്ടുണ്ട്. ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് സാധനങ്ങൾക്കും കവറുകൾക്കും പ്രവേശനമില്ല. ഭക്തജനങ്ങൾക്ക് നൽകുന്ന ഭക്ഷണപദാർത്ഥങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധനയ്ക്ക് വിധേയമാക്കും.
സുരക്ഷയ്ക്കായി 4000ലേറെ പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യം നേരിടാൻ പരിശീലനം ലഭിച്ച വനിതാ കമാൻഡോ സംഘത്തെ ക്ഷേത്രപരിസരത്ത് വ്യന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ പൊലീസിന്റെ ക്വിക്ക് റെസ്പോൺസ് ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പുകൾ കേൾക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ മൈക്കിലൂടെ പൊലീസ് അറിയിപ്പ് ഉണ്ടാകും. പ്രധാന പോയിന്റുകളിൽ ആംബുലൻസ്, ഓക്സിജൻ പാർലർ, ഫയർ എൻജിൻ തുടങ്ങി സംവിധാനവും ഉണ്ടായിരിക്കും. കുടിവെള്ള വിതരണത്തിനായി മുപ്പതോളം ടാങ്കുകളും 1500ലേറെ താത്കാലിക ടാപ്പുകളും സജ്ജീകരിക്കും. കെ.എസ്.ആർ.ടി.സിയുടെയും റെയിൽവേയുടെയും പ്രത്യേക സർവീസുകളും ഉണ്ടാകും.
പൊങ്കാലയ്ക്കുശേഷം മണിക്കൂറുകൾക്കകം നഗരം വൃത്തിയാക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികളെ ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയിട്ട് ജനങ്ങൾ ഉപേക്ഷിക്കുന്ന ചുടുകട്ട നഗരസഭയുടെ പ്രത്യേക സ്ക്വാഡിന്റെ നേതൃത്വത്തിൽ ശേഖരിക്കും. ഇത് ഇൻസ്റ്റലേഷനായും പിന്നീട് നഗരസഭയുടെ പാർപ്പിട പദ്ധതിക്കുമായി ഉപയോഗിക്കും.