തിരുവനന്തപുരം: നാളെ രാവിലെ ആറ്രുകാൽ പൊങ്കാല നടക്കാനിരിക്കേ ഭക്തസഹസ്രങ്ങൾ ഇന്നു തന്നെ നഗരത്തിലേക്കെത്തിത്തുടങ്ങി. ട്രെയിനുകളിലും ബസുകളിലും മറ്ര് വാഹനങ്ങളിലുമായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും അമ്മമാരും മറ്ര് സ്ത്രീകളും ആറ്രുകാലിലേക്കൊഴുകിയെത്തുകയാണ്. എങ്ങും ഭക്തിസാന്ദ്രമായ അന്തരീക്ഷം. പലയിടത്തും അമ്മമാർ അടുപ്പുകൂട്ടാനുളള ഒരുക്കങ്ങളുമായി സ്ഥലം പിടിച്ചിരിക്കയാണ് .തിരുവനന്തപുരത്തിന് പുറത്ത് സംസ്ഥാനത്തിന്റെ മറ്ര് ഭാഗങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുപോലും ആറ്രുകാൽ ഭക്തർ നഗരത്തിലേക്കെത്തി തുടങ്ങി. പലരും ബന്ധുവീടുകളിലും നഗരത്തിലെ ഹോട്ടലുകളിലും ഇടംപിടിച്ചു. നഗരത്തിലെ എല്ലാ ലോഡ്ജുകളിലും മുറികൾ നിറഞ്ഞുകഴിഞ്ഞു. ക്ഷേത്ര പരിസരത്തെ ലോഡ്ജുകൾ നേരത്തെ തന്നെ നിറഞ്ഞുകഴിഞ്ഞിരുന്നു. പൊങ്കാലക്കെത്തുന്നവർക്ക് ജാതിമത ഭേദമെന്യേ അനന്തപുരിവാസികൾ ആതിഥ്യമരുളും. ഇനി എല്ലാവരും പൊങ്കാലയിടാനുള്ള സ്ഥലം കണ്ടെത്താനുള്ള തിരക്കിലാണ്.
നഗരത്തിലെ മുക്കിലും മൂലയിലും പ്രാദേശിക സംഘടനകളുടെ ആഭിമുഖ്യത്തിൽ പൂജാവേദികൾ ഒരുങ്ങിത്തുടങ്ങി. ആറ്രുകാലമ്മയുടെ ചിത്രങ്ങളും പ്രതിമകളും കമനീയമായി അലങ്കരിച്ചുവെച്ചിട്ടുണ്ട് .ഉച്ചഭാഷിണികളിലൂടെ എങ്ങും ഭക്തിഗാനങ്ങൾ മാത്രമാണ് കേൾക്കാൻ കഴിയുന്നത്. മറ്ര് സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് പൊങ്കാലയിടാനായി സ്ഥലമൊരുക്കാൻ നാട്ടുകാർ സദാസജ്ജരായി കഴിഞ്ഞു. പലയിടത്തും റോഡരികിൽ സ്ത്രീകൾ ഇപ്പോൾ തന്നെ തമ്പടിച്ചു കഴിഞ്ഞു. തീകൂട്ടാനുള്ള വിറകും പൊങ്കാലയ്ക്കുള്ള അരിയും പാത്രവും മറ്രുപകരണങ്ങളുമായാണ് ഭക്തജനങ്ങളുടെ വരവ്.
നഗരത്തിലെത്തുന്ന ഭക്തർ ആറ്രുകാലമ്മയെ ദർശിക്കാനായി ക്ഷേത്രത്തിലേക്ക് കൂട്ടം കൂട്ടമായി നീങ്ങുകയാണ്. വലിയ തിരക്കാണ് ക്ഷേത്ര പരിസരത്തും ചുറ്രുപാടും അനുഭവപ്പെടുന്നത്. ട്രാഫിക് തിരക്കും വാഹന ഗതാഗതവും നിയന്ത്രിക്കുന്നതിന് നൂറുകണക്കിന് പൊലീസുകാരെ ക്ഷേത്ര പരിസരത്തും ക്ഷേത്രത്തിലേക്കുള്ള റോഡുകളിലും വിന്യസിച്ചിട്ടുണ്ട്. പൊങ്കാലക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.