തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ നഗരസഭയുടെ അനുമതിയില്ലാതെ സമരപ്പന്തലുകൾ അനുവദിക്കില്ലെന്ന് മേയർ വി.കെ. പ്രശാന്ത് 'കേരളകൗമുദി ഫ്ളാഷി"നോട് പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെയും ആറ്റുകാൽ പൊങ്കാലയുടെയും പശ്ചാത്തലത്തിലാണ് സെക്രട്ടേറിയറ്റ് പരിസരത്തെ സമരപ്പന്തലുകൾ പൊളിച്ചുനീക്കിയത്. ഇവയിൽ മിക്കതും നഗരസഭയുടെ അനുമതിയില്ലാതെ സ്ഥാപിച്ചിരുന്നതാണ്.

ഭരണ സിരാകേന്ദ്രമെന്ന നിലയിൽ സെക്രട്ടേറിയറ്റിന് മുന്നിൽ വർഷങ്ങളായി പ്രതിഷേധവും സമരങ്ങളും നടത്തുക പതിവായിരുന്നെങ്കിലും അനിശ്ചിതകാല സത്യാഗ്രഹമെന്ന പേരിൽ ഒരു വർഷത്തിലേറെയായും മറ്റും പന്തലുകെട്ടി സമരം നടത്തിവരുന്നത് പലവിധത്തിലുള്ള പരാതികൾക്കും ഇടയാക്കിയിരുന്നു. സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പ് ഇവ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പല തവണ പൊലീസിനെയും നഗരസഭയെയും സമീപിച്ചിരുന്നതാണ്. സമരപ്പന്തലിന്റെ മറവിൽ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് പ്ളാസ്റ്റിക്കും കുപ്പികളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയുന്നതും പരാതികൾക്ക് ഇടയാക്കിയിരുന്നു.

നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിനാളുകൾ പൊങ്കാല അർപ്പിക്കാനെത്തുമ്പോൾ ഫുട് പാത്ത് കൈയ്യേറി സമരം നടത്തുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും. ഈ സാഹചര്യത്തിലാണ് പന്തലുകൾ പൊളിച്ചുനീക്കാൻ തീരുമാനിച്ചത്. തുടർന്നും മുൻകൂർ അനുമതി വാങ്ങി സ്ഥാപിക്കാത്ത പന്തലുകൾ പൊളിച്ചുനീക്കാനാണ് നഗരസഭയുടെ തീരുമാനം. സർവ്വീസ് സംഘടനകളും രാഷ്ട്രീയ പാർട്ടികളുമുൾപ്പെടെ സത്യാഗ്രഹത്തിനും ഉപവാസത്തിനും സ്ഥാപിക്കുന്ന പന്തലുകൾക്ക് അനുമതി വാങ്ങണമെന്നും അനുമതി അവസാനിക്കുന്ന മുറയ്ക്ക് ഇവ പൊളിച്ചുമാറ്റണമെന്നും മേയർ അഭ്യർത്ഥിച്ചു.