crime

കോട്ടയം: ട്രെയിനിൽ ഉറങ്ങിക്കിടന്ന വനിതാ കായികതാരത്തെ കടന്നു പിടിച്ച യുവാവ് അറസ്റ്റിൽ. തൃശൂർ അഴീക്കോട് പട്ടാണിത്തറയിൽ ഹാഷികിനെയാണ് (37) റെയിൽവേ എസ്.ഐ ബിൻസ് ജോസഫ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ ആക്രമിച്ചതിനും വധശ്രമത്തിനും ഇയാൾക്കെതിരെ നിലവിൽ കൊടുങ്ങല്ലൂർ പൊലീസിൽ കേസുണ്ടെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ശനിയാഴ്ച രാത്രി വെരാവെൽ-തിരുവനന്തപുരം എക്സ് പ്രസിലായിരുന്നു സംഭവം. കായിക താരമായ പെൺകുട്ടി മത്സരത്തിൽ പങ്കെടുത്തശേഷം തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം. ട്രെയിനിൽ ഉറങ്ങിക്കിടക്കുകയായിരുന്നു പെൺകുട്ടിയെ ഹാഷിക് കടന്നു പിടിച്ചു. ഉറക്കത്തിൽ ഞെട്ടി ഉണർന്ന പെൺകുട്ടി ബഹളം വച്ചതോടെ യാത്രക്കാർ ഉണർന്നു. ഇയാളെ പിടികൂടിയെങ്കിലും മാവേലിക്കര സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. കൊല്ലത്ത് ഇറങ്ങിയ പെൺകുട്ടി റെയിൽവേ പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാളെ കോട്ടയം റെയിൽവേ പൊലീസ് പിടികൂടിയത്.