കാസർകോട് : പെരിയ കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത്ത് ലാലിനെയും വെട്ടിക്കൊന്ന സംഭവത്തിന് പിന്നിലെ വൻ ഗൂഢാലോചന തെളിയുന്നു. കൊലപാതകം ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന സി.പി.എം ലോക്കൽ കമ്മറ്റി അംഗം പീതാംബരൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായതോടെയാണിത്. ഇന്നലെ കസ്റ്റഡിയിൽ എടുത്ത ഏതാനും സി പി എം അനുഭാവികളെ രഹസ്യമായി ചോദ്യം ചെയ്തപ്പോൾ ആണ് പീതാംബരന് കൊലയിലുള്ള പങ്ക് വെളിവായതെന്നറിയുന്നു.
തുടർന്നാണ് രാത്രി ഒളിവിൽ കഴിയുകയായിരുന്ന സി.പി.എം നേതാവിനെ ഡിവൈ.എസ്.പി എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന് തുമ്പാകും എന്നാണ് കരുതുന്നത്.
മുൻ വൈരാഗ്യം കാരണം പീതാംബരൻ കൊലപാതകം ആസൂത്രണം ചെയ്യുകയും ക്വട്ടേഷൻ സംഘത്തെ ഇതിനായി ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു.
ലോക്കൽ കമ്മറ്റി അംഗം പിടിയിൽ ആകുന്നതോടെ സി.പി.എം നേതൃത്വം കൂടുതൽ പ്രതിരോധത്തിൽ ആകും.
പൊലീസ് അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുമോയെന്നാണ് ഇനി അറിയേണ്ടത്. ലോക്കൽ കമ്മിറ്റി അംഗത്തിന് കൊലപാതകത്തിൽ ബന്ധമുണ്ടെങ്കിൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് ഒഴിവാക്കുമെന്നാണ് നേതാക്കൾ നല്കുന്ന സൂചന. എന്നാൽ ലോക്കൽ കമ്മിറ്റി അംഗത്തിന് മാത്രം വലിയ ക്വട്ടേഷൻ സംഘത്തെ കൊലപാതകത്തിന് എത്തിക്കാനാകുമോയെന്ന ചോദ്യം കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നു. കണ്ണൂർ സംഘത്തെ കൊലക്കു നിയോഗിച്ചത് ആരാണെന്നു പൊലീസിന് കണ്ടെത്തേണ്ടിവരുമെന്നാണ് ഇവർ പറയുന്നത്.