ലോകത്തിൽ ഏറ്റവും കൂടുതൽ പ്രചാരമാർജിക്കുന്ന ഒരു വിനോദസഞ്ചാരമാർഗമായി മാറുകയാണ് കേബിൾ റോപ്പുകൾ വഴിയുള്ള യാത്ര. ഏറ്റവും നീളംകൂടിയ കേബിൾ യാത്രാസംവിധാനമുള്ളത് അങ്ങ് റാസൽഖൈമയിലാണ്. സമുദ്ര നിരപ്പിൽ നിന്നും 1,680 മീറ്റർ ഉയരത്തിലാണ് കൗതുകകരവും സഞ്ചാരപ്രേമികളുടെ മനം കവരുന്നതുമായ കാഴ്ചകളൊരുക്കിയുള്ള റാസൽഖൈമയിലെ കേബിൾ റോപ്പ്. 2.83 കിലോമീറ്റർ ദൂരമാണ് ഇതിലൂടെ സഞ്ചരിക്കാൻ കഴിയുക. 2,200 മീറ്റർ ദൈർഘ്യമുള്ള അമേരിക്കയിലെ കേബിൾ റോപ്പിന്റെ റെക്കാഡാണ് റാസർഖൈമ മറികടന്നത്.
റാസൽഖൈമ ഭരണാധികാരിയുടെ പുത്രൻ ശൈഖ് അഹ്മദ് ബിൻ സഊദ് ബിൻ സഖർ അൽ ഖാസിമി പ്രഥമയാത്രക്കാരനായാണ് ലോകത്തിലെ നീളം കൂടിയ കേബിൾ യാത്രക്ക് തുടക്കം കുറിച്ചത്. റാസൽഖൈമയിലെ ജബൽ ജയ്സിലാണ് ഇതിന്റെ സങ്കേതം ഒരുക്കിയിട്ടുള്ളത്. ആറു ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള ഉരുക്കു കേബിളുകൾ സ്ഥാപിച്ചാണ് ഇതിലൂടെയുള്ള യാത്ര സുരക്ഷിതമാക്കിയിട്ടുള്ളത്. ഒരാൾക്ക് 650 ദിർഹമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.2025 ആകുമ്പോഴേക്കും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം മൂന്ന് ദശലക്ഷമായി ഉയരുമെന്നാണ് കണക്കുകൾ.