vilappil

മലയിൻകീഴ് : വീട് വയ്ക്കാൻ വായ്പ എടുത്ത വിളപ്പിൽശാല കണികാണുംപാറ വെട്ടുവിള വീട്ടിൽ സ്വർണിക്ക് (75) ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതോടെ തെരുവിൽ കഴിയേണ്ട അവസ്ഥയാണ്. സ്വർണിയും മകളും പ്രായപൂർത്തിയായ രണ്ട് പേരക്കുട്ടികളുമടങ്ങിയ കുടുംബം വിളപ്പിൽശാല കണികാണുംപാറ റോഡ് പുറമ്പോക്കിൽ ചായക്കച്ചവടം ചെയ്താണ് കഴിയുന്നത്. മകൾ ചെറുപുഷ്പത്തിന്റെ പേരിലുള്ള മൂന്ന് സെന്റിൽ ഒരു വീട് നിർമ്മിക്കാൻ 2009ൽ സംസ്ഥാന സഹകരണ ബാങ്കിന്റെ വഴുതക്കാട് ശാഖയിൽ നിന്ന് രണ്ട് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വായ്പ തുകയും പഞ്ചായത്ത് ഭവനപദ്ധതിക്കായി നൽകിയ 60,000 രൂപയുമായി വീടുവയ്ക്കാൻ തുടങ്ങിയെങ്കിലും പണി പൂർത്തിയാക്കാനായില്ല. ചെറുപുഷ്പത്തിന്റെ ഭർത്താവ് ജോയി വീടു നിർമ്മാണത്തിനുള്ള ശേഷിച്ച പണവുമായി നാടുവിട്ടതാണ് പണി മുടങ്ങാൻ കാരണം, വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പണിതീരാത്ത വീട്ടിൽ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചു. വായ്പ കുടിശിക 4.77 ലക്ഷം ഉടൻ അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ചെറുപുഷ്പത്തിന്റെ മൂത്ത മകൾ ജോസ്ന ടി.ടി.സിക്കും ഇളയകുട്ടി ജോഫ്ന പ്ലസ് വണ്ണിനുമാണ് പഠിക്കുന്നത്. നാട്ടുകാരിൽ ചിലരുടെ കാരുണ്യത്തിലാണ് ഇവരുടെ പഠനം. സ്വർണിയുടെ കുടുംബത്തിന് ഈ തുക എങ്ങനെ അടയ്ക്കുമെന്ന് ഒരു നിശ്ചയവുമില്ല. വീടു വിട്ടിറങ്ങേണ്ടി വന്നാൽ പ്രായമായ പെൺമക്കളുമായി എങ്ങോട്ട് പോകുമെന്നും ഈ വയോധികയ്ക്ക് അറിയില്ല.

സന്മനസുള്ളവർക്ക് ചെറുപുഷ്പത്തിന്റെ പേരിൽ പേയാട് എസ്.ബി.ഐ.യിലുള്ള 67132832045 എന്ന അക്കൗണ്ടിലേക്ക് സഹായമെത്തിക്കാം.