വെള്ളറട: സമ്മാനങ്ങളും കളിയും ചിരിയുമായി ചങ്ങാതികൂട്ടം എത്തിയത് കൂതാളി ഉരുട്ടുപാറ സുധീഷ് ഭവനിൽ അജിത്ത് (19) നെ സന്തോഷത്തിലാഴ്ത്തി. ഒറ്റയ്ക്ക നടക്കാനോ നിവർന്നു നിൽക്കാനോ കഴിയാത്ത അജിത്ത്, പാറശാല ബി. ആർ.സിയിലെ വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ ഗ്രാഹധിഷ്ഠിത വിദ്യാഭ്യാസത്തിൽ ഉൾപ്പെട്ടിട്ടുള്ള പത്താം ക്ളാസ് വിദ്യാർത്ഥിയാണ്. വല്ലപ്പോഴും മാത്രം അമ്മ സുധയുടെ ഒക്കത്തിരുന്ന് സ്കൂളിൽ എത്തുമ്പോൾ മാത്രമാണ് സഹപാഠികളെ കാണുന്നത്. സ്കൂളിൽ എടുത്ത ഗ്രൂപ്പ് ഫോട്ടോയിലൂടെ അജിത്തിന് കൂട്ടുകാരെ കണ്ടപരിചയമേയുള്ളു. കുട്ടികൾക്കുവേണ്ടിയുള്ള സമഗ്ര ശിക്ഷ കേരളയുടെ ജനകീയ വിദ്യാഭ്യാസ പരിപാടിയായ ചങ്ങാതികൂട്ടം കുട്ടിയുടെ വീട് സന്ദർശിച്ചത്. മലമുകളിൽ താമസിക്കുന്ന അജിത്തിന്റെ സ്കൂളിലോ ആശുപത്രിയിലോ എത്തിക്കണമെങ്കിൽ ഈ 19 കാരനെ അമ്മ അരകിലോമീറ്ററോളം ദൂരം പാറനിറഞ്ഞ വഴിയിലൂടെ എടുത്ത് കൊണ്ടുവന്നാൽ മാത്രമേ കഴിയുകയുള്ളു. വിഭിന്നശേഷി കുട്ടികൾക്ക് പരിശീലനം നൽകുന്ന അദ്ധ്യാപിക രേണുക സ്കൂളിലെ മറ്റ് അദ്ധ്യാപകരായ ഡോ. സാബു, ഷാജിമ, ഗ്രാമപഞ്ചായത്ത് അംഗം സുക്ഷമകുമാരിയമ്മ, പി.ടി.എ പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ സന്ദർശനം നടത്തിയത്.