തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ മുഖവിലയ്‌ക്കെടുക്കാതെ തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ കോർപ്പറേറ്റുകൾ തയ്യാറായാൽ അവരല്പം വിഷമിക്കേണ്ടിവരുമെന്നും കേരളം ഭരിക്കുന്നത് ഇടതുമുന്നണി സർക്കാരാണെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിമാനത്താവളം സ്വകാര്യ വ്യക്തികൾക്ക് വിൽക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ വി.ജെ.ടി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകളാണ് രാജ്യത്തിപ്പോൾ എല്ലാം തീരുമാനിക്കുന്നത്. വിമാനത്താവളത്തിന്റെ വില്പനയും അങ്ങനെ ഉണ്ടായതാണ്. കേന്ദ്രത്തിന്റെ നിർദ്ദേശാനുസരണമാണ് ലേലത്തിൽ പങ്കെടുക്കാനായി സംസ്ഥാന സർക്കാർ ടിയാൽ എന്ന കമ്പനി രൂപീകരിച്ചത്. സിയാൽ, കണ്ണൂർ വിമാനത്താവളം എന്നിവ നടത്തിയ പരിചയവും സംസ്ഥാന സർക്കാരിനുണ്ട്. ഒന്നുകിൽ വിമാനത്താവളത്തിന്റെ ഉടമസ്ഥത എയർപോർട്ട് അതോറിട്ടിയിൽ നിലനിറുത്തണം. അല്ലെങ്കിൽ കേരള സർക്കാരിന്‌ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ സി. ദിവാകരൻ, ഐ.ബി. സതീഷ്, സി.പി.ഐ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, കിലെ ചെയർമാൻ വി. ശിവൻകുട്ടി, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ, ഡോ.എ. നീലലോഹിതദാസൻ നാടാർ, എം.എം. മാഹീൻ, ഫിറോസ് ലാൽ തുടങ്ങിയവർ പങ്കെടുത്തു. ഫിനാൻഷ്യൽ ബിഡ് നടക്കുന്ന 25ന് വഞ്ചനാദിനമായി ആചരിക്കുമെന്നും 28ന് എയർപോർട്ടിന് ചുറ്റും രക്ഷാവലയം തീർക്കുമെന്നും നേതാക്കൾ പറഞ്ഞു.