അഞ്ചുവർഷ കാലാവധിയുള്ള ഒരു സർക്കാരിന്റെ ആദ്യത്തെ ആയിരം ദിനങ്ങൾ തീർച്ചയായും ഏറെ പ്രത്യേകതകൾ ഉൾക്കൊള്ളുന്നവയാകും. ലക്ഷ്യങ്ങളും നേട്ടങ്ങളുമൊക്കെ തെളിഞ്ഞു കാണാവുന്നവയാകും ഈ ദിനങ്ങൾ. 2016 മേയ് 25-ന് അധികാരമേറ്റ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മുന്നണി സർക്കാർ ഈ സുപ്രധാന നാഴികക്കല്ലു പിന്നിടുമ്പോൾ നിരത്തിവയ്ക്കാനും അവകാശപ്പെടാനുമുള്ള വക ഏറെയുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് നൽകിയ വാഗ്ദാനങ്ങളിൽ പലതും നിറവേറ്റാൻ കഴിഞ്ഞിട്ടുണ്ട്. ഉറച്ച നിലപാടുകളുടെ പേരിൽ ഏറെ വിമർശനം നേരിടേണ്ടി വരുന്ന ഒരു സർക്കാരാണിത്. ഈ ഉറച്ച നിലപാടുകളിലൂടെ സംസ്ഥാനത്തിന് ഒട്ടേറെ നേട്ടങ്ങളുണ്ടാക്കാനും കഴിഞ്ഞുവെന്നതാണ് പിണറായി സർക്കാരിനെ വ്യത്യസ്തമാക്കുന്നത്. അസാദ്ധ്യമെന്നു കരുതിപ്പോന്ന പല വൻകിട പദ്ധതികളും ഏറ്റെടുക്കാൻ സാധിച്ചത് വികസന പദ്ധതികളുടെ കാര്യത്തിൽ വിട്ടുവീഴ്ചകളില്ലാത്ത നയസമീപനങ്ങൾ പിന്തുടരുന്നതിന്റെ തെളിവാണ്. ക്ഷിപ്രവേഗത്തിലുള്ള മാറ്റങ്ങളാണ് വികസനത്തിന്റെ ആണിക്കല്ലെന്ന് വാദിക്കാമെങ്കിലും സംസ്ഥാനത്തെ സവിശേഷമായ രാഷ്ട്രീയ - സാമൂഹിക സാഹചര്യങ്ങൾ വച്ചു നോക്കുമ്പോൾ പിണറായി സർക്കാരിന് ഏറെ അഭിമാനിക്കാൻ കഴിയുന്ന ഒരു കാലയളവാണ് കഴിഞ്ഞുപോയതെന്നു പറയാം. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പലതും ഇതിനകം നടപ്പാക്കാനായത് അഭിമാനം പകരുന്ന സംഗതിയാണ്.
അപ്രതീക്ഷിതമായുണ്ടായ മഹാപ്രളയം സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങൾ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ പിടിച്ചുനിറുത്തിയെന്നത് പറയാതിരിക്കാനാവില്ല. എന്നാൽ ഈ പ്രതിസന്ധി പുതിയൊരു കേരളത്തിന്റെ പുനർ നിർമ്മിതിക്കായി മാറ്റിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുവരുന്നത്. പ്രളയാനന്തര ഘട്ടത്തെ നേരിടുന്നതിൽ ചില വീഴ്ചകളൊക്കെ ഉണ്ടായെങ്കിലും ഈ അസാധാരണ സാഹചര്യം സംസ്ഥാനം ഒറ്റക്കെട്ടായി ധീരമായി നേരിട്ടു എന്നതാണ് എടുത്തു പറയേണ്ട കാര്യം.
സാമൂഹ്യ സുരക്ഷാ പദ്ധതികളാണ് ഏതൊരു സർക്കാരിനെയും വിവിധ വിഭാഗം ജനങ്ങളുമായി കൂടുതൽ അടുപ്പിക്കാറുള്ളത്. ഇടതുമുന്നണി സർക്കാർ ആ നിലയിൽ ജനങ്ങളുടെ നിറഞ്ഞ കൈയടി ഇതിനകം നേടിയെടുത്തുകഴിഞ്ഞു. സമൂഹത്തിന്റെ എല്ലാ തട്ടുകളിലുള്ളവർക്കും സർക്കാരിന്റെ കരസ്പർശം അനുഭവവേദ്യമായിട്ടുണ്ട്.
ഏതൊരു സർക്കാരിന്റെയും പ്രതിച്ഛായ നന്നാക്കുന്നതും മോശമാക്കുന്നതും ആ സർക്കാരിനു വേണ്ടി പണി എടുക്കുന്ന ഉദ്യോഗസ്ഥന്മാരും പൊലീസുമാണെന്നു പറയാറുണ്ട്. അധികാരമേറ്റ ദിവസം തന്നെ ഭരണസിരാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഭരണത്തിനു ഗതിവേഗമുണ്ടാകണമെങ്കിൽ എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ആത്മാർത്ഥമായി തങ്ങളുടെ ചുമതലകൾ നിർവഹിക്കണമെന്ന് ഓർമ്മിപ്പിച്ചിരുന്നു. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം വിലയിരുത്തിയാകും സാധാരണക്കാർ സർക്കാരിന്റെ പ്രവർത്തന മികവിന് മാർക്കിടുന്നത്. മുഖ്യമന്ത്രി ആഗ്രഹിക്കുന്നതുപോലുള്ള ഗതിവേഗം ഭരണത്തിനു കൈവന്നിട്ടില്ലെങ്കിൽ അതിനു കാരണം പഴയ ശീലത്തിൽ നിന്നു പുറത്തുകടക്കാൻ മടികാണിക്കുന്ന ഉദ്യോഗസ്ഥ സംവിധാനം തന്നെയാണ്. ആവശ്യങ്ങളുമായി സർക്കാർ ഓഫീസുകൾ കയറേണ്ടിവരുന്ന സാധാരണക്കാരുടെ അനുഭവങ്ങളിൽ ഇപ്പോഴും വലിയ മാറ്റമൊന്നുമുണ്ടായതായി തോന്നുന്നില്ല. യജമാന - ഭൃത്യ മനോഭാവത്തിലുമുണ്ടായിട്ടില്ല ആശാവഹമായ മാറ്റം. സെക്രട്ടേറിയറ്റിൽത്തന്നെ ഒന്നരലക്ഷത്തിലേറെ ഫയലുകൾ തീർപ്പും കാത്ത് കിടപ്പുണ്ടെന്നറിയുമ്പോൾ മനസിലാകും നീതി തേടി എത്തുന്നവരുടെ ദുരവസ്ഥ. ജനങ്ങൾ ഏറെ അടുത്ത് ബന്ധപ്പെടുന്ന വകുപ്പുകളുടെ സമീപനത്തിലും കാണാം ചില ദുർമുഖങ്ങൾ. സർവീസ് സംഘടനകൾ മനസുവച്ചാൽ എളുപ്പം പരിഹാരം കാണാവുന്ന പ്രശ്നമാണിത്.
അടിസ്ഥാന വികസന മേഖലയിലെ പുരോഗതിയിലാണ് സംസ്ഥാനത്തിന്റെ അഭിവൃദ്ധി കുടികൊള്ളുന്നത്. മുടങ്ങിക്കിടന്ന ഗെയിൽ പൈപ്പ് ലൈൻ, വിഴിഞ്ഞം, മലയോര - തീരദേശ പാതകൾ, എൽ.എൻ.ജി ടെർമിനൽ തുടങ്ങിയ വമ്പൻ പദ്ധതികൾ പുനരാരംഭിക്കാൻ സഹായിച്ചത് മുഖ്യമന്ത്രി പിണറായിയുടെ ഉറച്ച നിലപാടുകളാണ്. പുതുതായി വന്ന കണ്ണൂർ എയർപോർട്ടും കൊച്ചി മെട്രോയും വരാനിരിക്കുന്ന ദേശീയ ജലപാതയുമൊക്കെ സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തെ സഹായിക്കുന്ന പദ്ധതികളാണ്. വിഴിഞ്ഞം തുറമുഖം ഒരുവർഷം കഴിയുന്നതോടെ പ്രവർത്തനം തുടങ്ങുമ്പോൾ വ്യവസായ - തൊഴിൽ മേഖലകളിൽ അനന്തസാദ്ധ്യതകളാവും തുറന്നിടുക. വ്യവസായ രംഗത്തും പ്രതീക്ഷയേകുന്ന ഒട്ടേറെ പുതിയ സംരംഭങ്ങൾ തൊഴിലന്വേഷകരെ കാത്തിരിപ്പുണ്ട്. ഐ.ടി മേഖലയുടെ അതിദ്രുത വളർച്ച യുവസംരംഭകരിലും സാങ്കേതിക ബിരുദധാരികളിലും പ്രതീക്ഷ പകരുന്നുണ്ട്.
അഞ്ചല്ല അതിന്റെ ഇരട്ടി കാലാവധി ലഭിച്ചാലും പൂർത്തിയാക്കാൻ കഴിയുന്നവയല്ല വിവിധ മേഖലകളിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ. എങ്കിൽ പോലും ആരോഗ്യ - വിദ്യാഭ്യാസ, സാമൂഹ്യ സുരക്ഷാ മേഖലകളിൽ സ്തുത്യർഹമായ മാറ്റങ്ങളും നേട്ടങ്ങളും കൊണ്ടുവരാൻ ഇടതുമുന്നണി സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. വികസനത്തിന്റെ ഗുണഫലങ്ങൾ തുല്യമായി വീതിക്കപ്പെടുമ്പോഴാണ് സർക്കാരിന്റെ സ്ഥാനം ഉയരുന്നത്. ക്ഷേമ പദ്ധതികൾക്കു വിഹിതം നീക്കിവച്ച ശേഷമുള്ളതാണ് വികസന പദ്ധതികൾക്കായി ലഭിക്കുന്നതെന്ന പഴയ ആക്ഷേപം ഇപ്പോഴും നിലനിൽക്കുകയാണ്. ഇത്തരത്തിൽ ലഭിക്കുന്ന തുക പോലും സമയത്തും കാലത്തും ഉപയോഗപ്പെടുത്താൻ കഴിയാത്തതിന്റെ പ്രശ്നവും സംസ്ഥാനം നേരിടേണ്ടിവരുന്നുണ്ട്. സാമ്പത്തിക വർഷം തീരാറായിട്ടും തദ്ദേശ സ്ഥാപനങ്ങൾ പാതി വിഹിതം പോലും ചെലവഴിച്ചിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വിവിധ പദ്ധതികളിലൂടെ ജനങ്ങളിലെത്തേണ്ട ഗുണഫലങ്ങളാണ് നിഷ്ക്രിയത്വം മൂലം ഇല്ലാതാകുന്നത്. സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി വിഹിതത്തിന്റെ നല്ലൊരു ഭാഗവും വിനിയോഗിക്കപ്പെടാതെ പോവുകയാണു പതിവ്. സാമ്പത്തിക വർഷത്തിന്റെ അവസാന രണ്ടോ മൂന്നോ മാസത്തിലാണ് എന്തെങ്കിലും നടക്കാറുള്ളത്. ഈ പതിവു രീതികൾക്കു കൂടി മാറ്റം വരുമ്പോഴാണ് സാമ്പത്തിക പുരോഗതിക്കു ഗതിവേഗം കൂടുന്നത്.