തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി കാലതാമസമുണ്ടാകാതെ പൂർത്തിയാക്കണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കരാറുകാരായ അദാനി ഗ്രൂപ്പ് സാവകാശം ചോദിച്ചാൽ നിയമസാദ്ധ്യത പരിശോധിച്ച് നടപടിയെടുക്കും. അനാവശ്യമായ ഒരു സഹായവും ആരും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തുറമുഖ വികസനത്തിന് വേഗം കൂട്ടാൻ മാരിടൈം ബോർഡ് രൂപീകരിച്ചതും കപ്പൽ മാർഗമുള്ള ചരക്ക് ഗതാഗതത്തിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നടപടിയെടുത്തതും വകുപ്പിന്റെ നേട്ടങ്ങളാണ്. കണ്ണൂർ അഴീക്കൽ തുറമുഖ വികസനത്തിനായി മുഖ്യമന്ത്രി ചെയർമാനായും തുറമുഖ മന്ത്രി വൈസ് ചെയർമാനായും അഴീക്കൽ പോർട്ട് ലിമിറ്റഡ് എന്ന സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചു. കൊല്ലം, ബേപ്പൂർ തുറമുഖങ്ങളുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്ന നടപടിയും കൊല്ലം തുറമുഖത്തെ പാസഞ്ചർ ടെർമിനലിന്റെ നിർമ്മാണവും പൂർത്തിയാവുകയാണ്. പുരാരേഖാ വകുപ്പിന്റെ വെബ്സൈറ്റും തിരുവനന്തപുരത്തെ പൈതൃക സ്മാരകങ്ങളെ സംബന്ധിച്ച ഡിജിറ്റൽ ആപ്പും നാളെ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.