v

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് താഴംപളളി മുതൽ പ്ളാവഴികം വരെയുളള റോഡിന്റെ പുനർനിർമ്മാണത്തിന് നാലര കോടി രൂപ അനുവദിച്ചതായും പത്ത് ദിസത്തിനകം പണി തുടങ്ങുമെന്നും സ്ഥലം എം.എൽ.എയായ ഡെപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു. നെടുങ്ങണ്ടയിൽ 70 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച നാല് റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുന്നുവിളാകം - പുതിയപാലം, ചുണ്ടഴികം - മാലാംവിളാകം, പ്ളാന്തോട്ടം കയർസംഘം എന്നീ റോഡുകളും എരുനെച്ചിവിളാകം നടപ്പാതയുമാണ് ഉദ്ഘാടനം ചെയ്തത്. ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. പയസ്, മുൻ ബ്ളോക്ക് പഞ്ചായത്തംഗം പ്രമിള സിദ്ധാർത്ഥൻ, അഞ്ചുതെങ്ങ് സർവീസ് സഹകരണ സംഘം പ്രസിഡന്റ് വൈ. ശശാങ്കൻ, മുൻ പഞ്ചായത്ത് അംഗം വി. രാജൻ, മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ വി. വിമൽരാജ് സ്വാഗതവും സജീവ് നന്ദിയും പറഞ്ഞു.