തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ളൈകോ ഷോപ്പുകളും റേഷൻ കടകളും വൈവിദ്ധ്യവത്കരിക്കുമെന്ന് മന്ത്രി പി.തിലോത്തമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സപ്ളൈകോ വഴി ഗൃഹോപകരണങ്ങൾ വിൽപ്പന നടത്തുന്ന പദ്ധതി 26ന് ആരംഭിക്കും. റേഷൻകടകൾ വഴി നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന പദ്ധതിയും ഉടൻ ആരംഭിക്കും. നാഫെഡിന്റെ കടല, തുവരപ്പരിപ്പ്, ചെറുപയർ എന്നിവ രണ്ട് കിലോഗ്രാം വീതം സബ്സിഡി നിരക്കിൽ റേഷൻ കടകൾ വഴി വിൽക്കും. വിലക്കയറ്റം തടയുന്നതോടൊപ്പം റേഷൻ വ്യാപാരികൾക്ക് അധിക വരുമാനവും ലഭിക്കും.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പ്രളയകാലത്തു പോലും വിലക്കയറ്റം ഉണ്ടായിട്ടില്ല. റേഷൻ വിതരണവുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കി 16 ലക്ഷം പേർക്ക് മുൻഗണനാപട്ടികയിൽ ഇടം നൽകി. റേഷൻകടകളിൽ ഇ-പോസ് മെഷീൻ സ്ഥാപിച്ചു. ഇനി ഇ-പോസ് മെഷീനുകൾ ത്രാസുമായി ഘടിപ്പിക്കും. റേഷൻകടകൾ വഴി മിനി ബാങ്കിംഗ് സംവിധാനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു.വാതിൽപ്പടി വിതരണത്തിനായി 389 തസ്തികൾ സൃഷ്ടിച്ചു.
കുപ്പിവെള്ളം കുറഞ്ഞ വിലയ്ക്കു വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ സമിതി തയാറാക്കിയ നിയമാവലി ഇപ്പോൾ നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.