budget

തിരുവനന്തപുരം : നഗരത്തിലെ എല്ലാവർക്കും 2020തോടെ വീട് ഉറപ്പാക്കുമെന്ന ജനപ്രിയ പ്രഖ്യാപനത്തോടെ നഗരസഭയുടെ 2019 -20 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. ഹരിത ചട്ടം പാലിച്ച് നിർമ്മിക്കുന്ന വീടുകൾക്ക് നികുതി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

1286.07 കോടി വരവും 1213.22 കോടി ചെലവും 72.84 കോടി നീക്കയിരിപ്പും പ്രതീക്ഷിക്കുന്ന ബ‌ഡ്ജറ്റാണ് ഡെപ്യൂട്ടിമേയർ രാഖി രവികുമാർ അവതരിപ്പിച്ചത്. മുൻവർഷത്തെ പോലെ സ്ത്രീകളെയും കുട്ടികളെയും തലോടുന്ന ബഡ്ജറ്റ് ഇക്കുറി മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക കരുതൽ നൽകുന്നു.

അനന്തപുരിയെ സമ്പൂർണ ഭവന നഗരമാക്കുന്നതിന് സ്നേഹസദനമെന്ന പദ്ധതിയിലൂടെ 70കോടിയാണ് മാറ്റിവച്ചിരിക്കുന്നത്. ഭവന നിർമ്മാണ പദ്ധതി പ്രകാരം പൂർത്തിയാക്കുന്ന വീടുകൾക്ക് സോളാർ വൈദ്യുതി പ്ലാന്റുകൾ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്. പട്ടികജാതി കോളനികളുടെ നവീകരണത്തിനും മത്സ്യത്തൊഴിലാളികളുടെ ഫ്ളാറ്റുകളുടെയും വീടുകളുടെയും പുനരുദ്ധാരണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം പ്രഖ്യാപിച്ച തമ്പാനൂർ, പൂജപ്പുര, പാളയം, പഞ്ചാപുരം ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്‌കൈവാക്കിനായി ഇത്തവണയും മൂന്ന് കോടിയോളം വകയിരുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ബഡ്ജറ്റ് ചർച്ചയും പാസാക്കലും നടക്കും.

മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക കരുതൽ

പ്രളയദുരന്ത മുഖത്ത് സ്വയംസമർപ്പിച്ച സേവനനിരതരായ മത്സ്യത്തൊഴിലാളിളോടുള്ള കടപ്പാട് തെളിയിക്കുന്നതായിരുന്നു ബഡ്ജറ്റ്. 20.40കോടി രൂപയാണ് മത്സ്യത്തൊഴിലാളി മേഖലയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. പഞ്ഞമാസത്തിൽ നഗരത്തിലെ മത്സ്യത്തൊഴിലാളികൾക്ക് സ്‌നേഹസമ്മാനമെന്ന പേരിൽ ഭക്ഷ്യധാന്യ കിറ്റ് നൽകുന്നതിന് 15 കോടിയും ഈ മേഖലയിലെ ഫ്ലാറ്റുകളുടെയും വീടുകളുടെയും പുനരുദ്ധാരണത്തിന് 5 കോടിയുമാണ് നീക്കിവച്ചിരിക്കുന്നത്. മത്സ്യവില്പനയ്ക്ക് ഐസ് ബോക്‌സ് ഉൾപ്പെടെയുള്ള ആട്ടോ വാങ്ങി നൽകുന്നതിന് 40ലക്ഷവും എം.എം.ഡി സർട്ടിഫിക്കറ്റുള്ള ലൈഫ് ജാക്കറ്റ് വാങ്ങി നൽകുന്നതിന് 15 ലക്ഷവും ചെലവഴിക്കും.

വെള്ളായണിക്കായൽ കേന്ദ്രീകരിച്ച് ശുദ്ധജല പ്ലാന്റ് സ്ഥാപിക്കാൻ അഞ്ച് കോടി

ആർ.സി.സിയിൽ എത്തുന്ന രോഗികൾക്ക് സൗജന്യ യാത്രയൊരുക്കാൻ 15ലക്ഷം

സ്ത്രീകൾക്ക് മാനസിക-ശാരീരിക പിന്തുണ നൽകുന്ന പടവുകളെന്ന പദ്ധതിക്ക് 1കോടി

പട്ടയമേള സംഘടിപ്പിക്കാൻ 50ലക്ഷം

തിരുവല്ലം സോണലിൽ പുതിയ ഇലക്ട്രിക് ശ്മശാനത്തിന് 50ലക്ഷം

സൗജന്യമായി കുടിവെള്ളം ലഭ്യമാക്കുന്ന ആർ.ഒ പ്ലാന്റിന് 50ലക്ഷം

നിർദ്ധനരായ പെൺകുട്ടികളുടെ വിവാഹത്തിന് 50ലക്ഷം

ഇ-ആട്ടോകൾ നിരത്തിലിറക്കാൻ 2കോടി

നവോത്ഥാന സംഗമം സംഘടിപ്പിക്കാൻ 5ലക്ഷം

വയോജനങ്ങൾക്ക് ആയുർവേദ മരുന്ന് ലഭ്യമാക്കാൻ 15ലക്ഷം