kadal-vellari

ഇങ്ങ് കരയിൽ മാത്രമല്ല, അങ്ങ് കടലിലും വെള്ളരിയുണ്ട്! അമ്പരക്കണ്ട, വെള്ളരിതന്നെ. പക്ഷേ, നമ്മൾ വിചാരിക്കുംപോലെ കടൽവെള്ളരി ഒരു സസ്യമല്ല, വളരെ പുരാതനമായ ജന്തുവർഗങ്ങളിൽ ഒന്നാണ്. കാഴ്ചയിൽ നമ്മുടെ വെള്ളരിയെപ്പോലെയുണ്ടെന്ന് മാത്രം.

മറ്റൊരു കടൽജീവികൾക്കും വസിക്കാനാകാത്ത അഗാധ സമുദ്രഗർത്തങ്ങളിൽപോലും കടൽവെള്ളരികൾക്ക് അനായാസം കഴിയാം. അതിവിചിത്രമായ ഒരു ജീവിയാണ് കടൽ വെള്ളരി. സിലിണ്ടർ പോലുള്ള ശരീരം, അര ലിറ്ററിനടുത്ത ശരീര വ്യാപ്തം, ശരാശരി നീളം മുപ്പത് സെന്റീമീറ്റർ, അഞ്ചു നിരയിൽ ചെറിയ കാലുകൾ, വളരെ വിചിത്രമായ ശ്വസനരീതി. ഇതൊക്കെയാണ് കടൽ വെള്ളരിയുടെ ഏകദേശരൂപം. പക്ഷേ, കക്ഷിയ്ക്ക് വ്യക്തമായ ഒരു തലച്ചോറില്ല. വായയ്ക്ക് ചുറ്റുമുള്ള നാഡീവ്യൂഹങ്ങൾക്കു സമാനമായ സംവിധാനങ്ങളാണ് ഇവയുടെ തലച്ചോറായി പ്രവർത്തിക്കുന്നത്. മൂന്ന് മില്ലിമീറ്റർ മുതൽ മൂന്ന് മീറ്റർ വരെ നീളമുള്ള കടൽവെള്ളരികളുണ്ട്. കടലിൽ ജീവിച്ചു ജീവിതചക്രം പൂർത്തിയാക്കി കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങുന്ന സസ്യ , ജന്തു വർഗങ്ങളെല്ലാം തന്നെ അവസാനം കടൽവെള്ളരികളുടെ ഭക്ഷണമായിത്തീരുകയാണ് ചെയ്യുന്നത്. സമുദ്രത്തിലെ ആവാസ വ്യവസ്ഥയിൽ കടൽവെള്ളരി പ്രധാനപ്പെട്ട ഒരു കണ്ണിയാണെന്ന് ചുരുക്കം!