mayor

തിരുവനന്തപുരം : നഗരപരിധിയിൽ 2020 ഒാടെ ഭൂമിയുള്ള എല്ലാവർക്കും വീട് ഉറപ്പാക്കുന്ന ജനപ്രിയ ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്ന് മേയർ വി.കെ. പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീടുകളിൽ സോളാർ സംവിധാനം ഉറപ്പാക്കുന്ന സൗഭാഗ്യദീപം പദ്ധതി പുതിയൊരു ചുവടുവയ്പാണ്. സ്ത്രീകൾക്കും മത്സ്യത്തൊഴിലാളികൾക്കും ഉൾപ്പെടെ എല്ലാ മേഖലകൾക്കും പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. 72 കോടിയുടെ മിച്ച ബഡ്ജറ്റാണ് 2019-20 വർഷത്തേത്.

നടപ്പുവർ‌ഷവും 72 കോടിയോളം നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്നു. തനത് വരുമാനം വർദ്ധിപ്പിക്കാൻ നടത്തിയ കൂട്ടായ ശ്രമങ്ങൾ വിജയം കണ്ടതിന്റെ ഫലമാണിത്. വരും വർഷവും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് ബഡ്ജറ്റ് തയ്യാറാക്കിയെതെന്ന് ഡെപ്യൂട്ടി മേയർ രാഖി രവികുമാറും പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ശ്രീകുമാർ, പാളയം രാജൻ, പുഷ്പലത, സി. സുദർശനൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ബഡ്ജറ്റ് തനിയാവർത്തനം, ജവാൻമാരെ അവഹേളിച്ചെന്ന് യു.ഡി.എഫും ബി.ജെ.പിയും

തിരുവനന്തപുരം : രാജ്യത്തിന് വേണ്ടി പുൽവാമയിൽ വീരമൃത്യുവരിച്ച ജവാൻമാരെ അനുസ്മരിക്കാതെ ബഡ്ജറ്റ് അവതരണം നടത്തിയ ഭരണപക്ഷം ജവാൻമാരെ അവഹേളിച്ചെന്ന് യു.ഡി.എഫും ബി.ജെ.പിയും കുറ്റപ്പെടുത്തി. മേയറും ഡെപ്യൂട്ടിമേയറും രാജിവയ്ക്കണമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി. അനിൽകുമാർ ആവശ്യപ്പെട്ടു. സി.പി.എം നേതാക്കളോട് കാട്ടുന്ന ബഹുമാനം പോലും ജവാൻമാരോട് നഗരസഭാ ഭരണപക്ഷം കാട്ടിയില്ലെന്ന് ബി.ജെ.പി നേതാവ് തിരുമല അനിലും പറഞ്ഞു. കേന്ദ്ര വിഹിതം കൊണ്ട് പൂർത്തീകരിച്ച പദ്ധതികളുടെ പേരിലാണ് നഗരസഭ മേന്മ നടിക്കുന്നതെന്ന് ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ എം.ആർ. ഗോപൻ പറഞ്ഞു. മുൻ വർഷത്തെ പദ്ധതികൾ പേര് മാറ്റി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് യു.ഡി.എഫ് നേതാവ് ജോൺസൺ ജോസഫും പറഞ്ഞു.